ബംഗളൂരു: വീട്ടിൽ നിന്നും ആറ് കോടി കണ്ടെത്തിയതിന് പിന്നാലെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ് ലിമിറ്റഡ്(കെ.സി.ഡി.എൽ) ചെയർമാൻ സ്ഥാനം രാജിവെച്ച് എംഎ‍ൽഎ മദൽ വിരുപാക്ഷപ്പ. കർണാടകയിലെ പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കമ്പനിയാണ് കെ.സി.ഡി.എൽ. അഴിമതിപ്പണം കൈയോടെ പിടിക്കപ്പെട്ടത് ഭരണകക്ഷിയായ ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ ആറ് കോടിയുടെ കള്ളപ്പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തിരുന്നു. നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബിജെപി എംഎ‍ൽഎയുടെ മകൻ പിടിയിലായിരുന്നു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്‌സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവച്ചാണ് പിടികൂടിയത്.

2008 ബാച്ച് കർണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്.

പണം വാങ്ങിയതിൽ അച്ഛനും മകനും പങ്കുണ്ടെന്നും മുതിർന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെഎസ്ഡിഎൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. മൈസൂർ സാൻഡൽ സോപ്‌സ് ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് എന്ന കെഎസ്ഡിഎൽ. പ്രശാന്തിനെ അറസ്റ്റ് ചെയ്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇപ്പോൾ പ്രവർത്തനരഹിതമായ അഴിമതി വിരുദ്ധ ബ്യൂറോയിൽ (എസിബി) സാമ്പത്തിക ഉപദേഷ്ടാവായി അദ്ദേഹം മുമ്പ് പ്രവർത്തിച്ചിരുന്നു. എസിബി അടച്ചുപൂട്ടിയ ശേഷം ലോകായുക്തയിൽ കയറാനുള്ള ശ്രമവും പ്രശാന്ത് നടത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

ദാവൻഗെരെ ജില്ലയിലെ ചന്നഗിരി നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള ആളാണ് മദാലു വിരൂപാക്ഷപ്പ. 2018ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയ ആസ്തി വിവരത്തിൽ 5.73 കോടി രൂപയുടെ വിവരങ്ങളാണ് സമർപ്പിച്ചിരുന്നത്. 2013ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് 1.79 കോടി രൂപയായിരുന്നു തന്റെ ആസ്തിയായി കാണിച്ചിരുന്നത്. എന്നാൽ കോൺഗ്രസിന്റെ വഡ്‌നാൽ രാജണ്ണയോട് മത്സരിച്ച് തോൽക്കുകയായിരുന്നു.