ചെന്നൈ: തമിഴ്‌നാട് ബിജെപി സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മധുര എംപിക്കെതിരായ ട്വീറ്റിനെ ചൊല്ലി വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പാണ് സൂര്യ സിപിഎം എംപിയായ വെങ്കിടേശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

മനുഷ്യ വിസർജ്യം നിറഞ്ഞ അഴുക്കുചാൽ വൃത്തിയാക്കാൻ സിപിഎം കൗൺസിലറായ വിശ്വനാഥൻ ശുചീകരണ തൊഴിലാളിയെ നിർബന്ധിച്ചതായും അലർജി മൂലം തൊഴിലാളി മരിച്ചതായും എസ്.ജി സൂര്യ ആരോപിച്ചിരുന്നു. തുടർന്ന് എംപി വെങ്കിടേശ്വരനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനവുമുയർത്തി. 'കമ്യൂണിസ്റ്റ് കൗൺസിലർ കാരണം ശുചീകരണ തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞപ്പോഴും മൗനം പാലിക്കുന്ന മധുര എംപി എസ്.വെങ്കടേശൻ! നിങ്ങളുടെ വിഘടനവാദ കപട രാഷ്ട്രീയം ആ ചെളിക്കുളത്തേക്കാൾ നാറുകയാണ്. ഒരു മനുഷ്യനായി ജീവിക്കാൻ വഴി കണ്ടെത്തൂ സുഹൃത്തേ' എന്നായിരുന്നു ട്വീറ്റ്.

മധുര എംപിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂൺ 12ന് സിപിഎം അർബൻ ജില്ലാ സെക്രട്ടറി എം. ഗണേശന്റെ നേതൃത്വത്തിൽ പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. മധുര കോർപറേഷനിൽ പെണ്ണാടം ടൗൺ പഞ്ചായത്തും ഇടതു പാർട്ടിയിൽനിന്ന് വിശ്വനാഥൻ എന്ന കൗൺസിലറും ഇല്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടി. നടക്കാത്ത ഒരു സംഭവത്തിന്റെ പേരിൽ കൗൺസിലർമാർക്കും പൊതുജനങ്ങൾക്കുമിടയിൽ സൂര്യ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശൻ ആരോപിച്ചു.

അർധരാത്രിയുണ്ടായ അറസ്റ്റ് അപലപനീയമാണെന്നും ഡി.എം.കെ സഖ്യകക്ഷിയായ കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുക മാത്രമാണ് എസ്.ജി സൂര്യ ചെയ്തതെന്നും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു.

'അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാൻ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുന്നതും ചെറിയ വിമർശനങ്ങളിൽ പരിഭ്രാന്തരാകുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന് ചേർന്നതല്ല. ഇതൊരു സ്വേച്ഛാധിപത്യ നേതാവിന്റെ അടയാളങ്ങളാണ്. സ്വേച്ഛാധിപതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംസ്ഥാനത്തെ നിയമമില്ലാത്ത ഇടമാക്കി മാറ്റുകയാണ്', അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.