മുംബൈ: മലേഗാവ് മുനിസിപ്പൽ കോർപറേഷൻ വൈദ്യുതി വകുപ്പ് ഓഫിസിനുള്ളിൽ നമസ്‌കാരം നിർവഹിച്ചതിനെച്ചൊല്ലി മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം പുകയുന്നു. സംഭവത്തിൽ രൂക്ഷമായ വിദ്വേഷ പരാമർശവുമായി ബിജെപി നേതാവും മന്ത്രിയുമായ നിതീഷ് റാണെ രംഗത്തെത്തി. ഇത് 'ഹിന്ദു രാഷ്ട്ര'മാണെന്നും ഇവിടെ ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓഫിസിനുള്ളിൽ പ്രതിഷേധിച്ചവരാണ് അസർ നമസ്‌കാര സമയമായതോടെ അവിടെത്തന്നെ പ്രാർഥന നിർവഹിച്ചത്.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മന്ത്രിയുടെ പ്രതികരണം. "മലേഗാവിന്റെ വികസനത്തിനാണോ അതോ ജിഹാദ് ചെയ്യാനാണോ ഇവരെ തിരഞ്ഞെടുത്തത്? ഇത്രയധികം പള്ളികളുള്ളപ്പോൾ എന്തിനാണ് സർക്കാർ ഓഫിസിൽ നമസ്‌കരിച്ചത്? ഇതിനെതിരെ കർശന നടപടിയുണ്ടാകും" - നിതീഷ് റാണെ പറഞ്ഞു. മദ്‌റസകൾക്കെതിരെയും മന്ത്രി കടുത്ത പരാമർശങ്ങൾ നടത്തി.

മദ്‌റസകൾ ഭീകരരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റമദാൻ മാസമായതിനാൽ പ്രാർഥനാ സമയം അതിക്രമിച്ചപ്പോഴാണ് വൈദ്യുതി പ്രശ്നത്തിൽ പ്രതിഷേധിക്കാനെത്തിയവർ ഓഫിസിനുള്ളിൽ നമസ്‌കരിച്ചത്. എന്നാൽ, സർക്കാർ ഓഫിസിനെ പ്രാർഥനാ കേന്ദ്രമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബിജെപി. മുൻപും വർഗീയ പരാമർശങ്ങളുടെ പേരിൽ നിതീഷ് റാണെ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.