- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിക്ക് മാക്രോ ഇക്കണോമിക്സിൽ ഒട്ടും അറിവില്ല'; ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കഴിയില്ല; വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പരിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നൽ നൽകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, അദ്ദേഹത്തിന്റെ സാമ്പത്തിക രംഗത്തെ അറിവിനെ ചോദ്യം ചെയ്ത് ബി.ജെ.പി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യൻ സ്വാമി. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തെ (മാക്രോ ഇക്കണോമിക്സ്) കുറിച്ച് പ്രധാനമന്ത്രിക്ക് 'ഒരു ചുക്കും അറിയില്ല' എന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
മാക്രോ ഇക്കണോമിക്സിൽ അറിവില്ലാത്തതിനാൽ, നയരൂപീകരണത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനോ, ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾക്കുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കാൻ അവരെ നയിക്കാനോ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും ഡൽഹി ഐ.ഐ.ടിയിൽ മുൻ പ്രൊഫസറായിരുന്ന സ്വാമി തന്റെ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി സമ്പദ്‌വ്യവസ്ഥ പരിഷ്കരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന റിപ്പോർട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു സ്വാമിയുടെ ഈ പ്രതികരണം. ഈ മാസാദ്യം, സമഗ്ര സാമ്പത്തിക പരിഷ്കരണങ്ങൾക്ക് തയ്യാറെടുക്കാൻ പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചുകൂട്ടിയിരുന്നു. സാമ്പത്തിക രംഗത്ത് സമഗ്ര വളർച്ചയാണ് മോദി ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
Modi has zero knowledge of Macro Economics and hence he neither can direct the Govt officers on policy nor understand economics to direct his Officers to prepare the necessary blueprint for action by bureaucrats. https://t.co/IX8uPCZ4hV
— Subramanian Swamy (@Swamy39) December 26, 2025
ഇന്ത്യയുടെ കസ്റ്റംസ് തീരുവ വ്യവസ്ഥയിൽ മാറ്റം വരുത്തുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഇൻഷുറൻസിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) പരിധി നീക്കം ചെയ്യാനും, ആണവോർജ്ജ മേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാനുമുള്ള നിർദേശങ്ങൾ പാർലമെന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. സമീപ മാസങ്ങളിൽ, മോദി സർക്കാർ സങ്കീർണ്ണമായ ചരക്ക് സേവന നികുതി (ജി.എസ്.ടി) വ്യവസ്ഥ ലളിതമാക്കുകയും പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.




