- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി നേതാവിന്റെ വ്യാജ രക്ത ദാനം; സംഭവം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിൽ; വീഡിയോ പുറത്തു വന്നതോടെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം
ലക്‌നൗ: രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച ബിജെപി നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ഉത്തര്‍പ്രദേശ് മൊറാദാബാദ് മേയറും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് അഗര്‍വാളിന്റെ വ്യാജ രക്തദാനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നത്. ഇതോടെ നേതാവിനെതിരെയും ബിജെപി സർക്കാരിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറഞ്ഞു.
സെപ്റ്റംബര്‍ പതിനേഴിന് പ്രാദേശിക ബിജെപി ഓഫീസിലാണ് പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിനോദ് അഗര്‍വാള്‍.
നേതാവ് ബെഡില്‍ കിടന്നതോടെ ആരോഗ്യപ്രവര്‍ത്തകന്‍ രക്തസമ്മര്‍ദം പരിശോധിച്ചു. എന്നാല്‍ രക്തമെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കരുതെന്ന് അഗര്‍വാള്‍ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സൂചി തൊലിപ്പുറത്ത് ഒട്ടിച്ചു വെച്ചു. രക്തദാനം നടത്തി എന്ന് കാണിക്കുന്നതിനായുള്ള വീഡിയോ പകര്‍ത്തിയ ശേഷം സൂചി എടുത്തുമാറ്റി അഗര്‍വാള്‍ മുറിവിട്ട് പുറത്ത് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഈ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ, അഗര്‍വാളിന്റെ രക്തദാനം പ്രശസ്തിക്ക് വേണ്ടി മാത്രമാണെന്നും, അദ്ദേഹം നല്ലൊരു അഭിനേതാവാണെന്നും ഉൾപ്പെടെ നിരവധി കമെന്റുകളാണ് സോഷ്യല്‍ മീഡിയയിൽ ഉയർന്ന വന്നത്. ഈ സംഭവം മുൻനിർത്തി രാജ്യത്തെ ബിജെപി സർക്കാരിനെയും പരിഹസിക്കാൻ ഇവർ മറന്നില്ല. ബിജെപി നേതാവിനെ പോലെ പത്തു വർഷമായി കേന്ദ്ര സർക്കാരും രാജ്യത്തെ ഒന്നടങ്കം പറ്റിക്കുന്നു നിന്നുൾപ്പെടെ രൂക്ഷമായ പരിഹാസങ്ങൾ വന്നു.
ഇതിന് പിന്നാലെ പ്രതികരണവുമായി അഗര്‍വാള്‍ രംഗത്തെത്തി. "സെപ്റ്റംബർ 17 ന്, ബിജെപിയുടെ യുവജനവിഭാഗം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു, ഞാനും രക്തം ദാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു, അതിനാൽ, രക്തം എടുക്കുന്നതിന് മുമ്പ്, എനിക്ക് എന്തെങ്കിലും അസുഖമുണ്ടോ എന്ന് ഡോക്ടർ എന്നോട് ചോദിച്ചു. എനിക്ക് അസുഖമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. പ്രമേഹം, രണ്ട് വർഷം മുമ്പ്, എനിക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നു, അതിനാൽ എനിക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല, ”മേയർ അഗര്‍വാള്‍ പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്താനുള്ള എതിരാളികളുടെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു.