പട്ന: ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയുടെ ഭർത്താവ് ഗിർധാരി ലാൽ സാഹു നടത്തിയ വിവാദ പരാമർശത്തിൽ സ്വമേധയാ കേസെടുത്ത് ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ. "ഇരുപതിനായിരമോ ഇരുപത്തയ്യായിരമോ രൂപ നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ കിട്ടും" എന്ന് സാഹു ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസ്താവനയാണ് ദേശീയ തലത്തിൽ വലിയ പ്രതിഷേധങ്ങൾക്കും നിയമനടപടികൾക്കും വഴിവെച്ചത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികൾ അടക്കം വിമർശനവുമായി രംഗത്തെത്തിയിരുത്തിയിരിക്കുകയാണ്.

കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ അൽമോറയിൽ നടന്ന ഒരു പൊതുപരിപാടിയിൽ യുവാക്കളുമായി സംവദിക്കുന്നതിനിടെയാണ് ഗിർധാരി ലാൽ സാഹുവിന്റെ അധിക്ഷേപകരമായ പരാമർശം. വിവാഹത്തെക്കുറിച്ച് സംസാരിക്കവേ, പെൺകുട്ടികളെ കണ്ടെത്താൻ പ്രയാസമാണെങ്കിൽ തനിക്കൊപ്പം വരണമെന്നും പണം നൽകിയാൽ ബിഹാറിൽ നിന്ന് പെൺകുട്ടികളെ ലഭിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നത്.

സാഹുവിന്റെ പ്രസ്താവന ബിജെപിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പരാമർശത്തിനെതിരെ രാഷ്ട്രീയ പാർട്ടികൾ ശക്തമായി രംഗത്തെത്തി. ആർജെഡി വക്താവ് ചിത്രരഞ്ജൻ ഗംഗൻ, സംഭവത്തിൽ ബിജെപി പരസ്യമായി മാപ്പ് പറയണമെന്നും രേഖ ആര്യയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും ഗിർധാരി ലാൽ സാഹുവിനെ ബിജെപി അംഗത്വത്തിൽനിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ സ്ത്രീകളെ ഒന്നാകെ അപമാനിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് കോൺഗ്രസ് പ്രതികരിച്ചു. കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് ജ്യോതി റൗട്ടേല, ഇത്തരം ചിന്തകൾ മനുഷ്യക്കടത്ത്, ശൈശവ വിവാഹം, സ്ത്രീകളെ ചൂഷണം ചെയ്യൽ തുടങ്ങിയ സാമൂഹിക തിന്മകളെ പ്രോത്സാഹിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി.