ഹൈദരബാദ്: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ മരത്തിൽ കെട്ടിയിട്ട് മർദിച്ച് ആൾക്കൂട്ടം. തെലങ്കാനയിലെ സങ്കറെഡ്ഡിയിലാണ് സംഭവം. ആൾക്കൂട്ടം മർദിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ദമ്പതികളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും ആൾക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യാദയ്യ, ഭാര്യ ശ്യാമമ്മ എന്നിവരാണ് മർദനത്തിന് ഇരയായത്. ഇരുവരും മന്ത്രവാദം നടത്തുന്നവരാണെന്ന് നാട്ടുകാർ ആരോപിച്ചതായി പൊലീസ് പറഞ്ഞു.

ആരോപണത്തിന് പിന്നാലെ, നാട്ടുകാർ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറി ഇരുവരേയും വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മർദിച്ച ശേഷം ഒരു മരത്തിൽ കെട്ടിയിടുകയും ചെയ്തു. വിവരം അറിഞ്ഞതിനെ തുടർന്ന് പെലീസ് സ്ഥലത്തെത്തി ദമ്പതികളെ രക്ഷപ്പെടുത്തി. 'മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ചില ഗ്രാമവാസികൾ ദമ്പതികളെ മരത്തിൽ കെട്ടിയിരുന്നു. ഇരകൾക്ക് സാരമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്'- സർക്കിൾ ഇൻസ്പെക്ടർ നവീൻ പറഞ്ഞു.