റാഞ്ചി: ഝാര്‍ഖണ്ഡില്‍ നക്‌സല്‍ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിംഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

മനോഹര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാരന്ദ വനങ്ങളിലെ ബാലിവയില്‍ സിആര്‍പിഎഫിന്റെ 197 ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പ്രദേശത്ത് നടന്ന പരിശോധനക്കിടെയായിരുന്നു സ്‌ഫോടനം.

പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ വഴി റാഞ്ചിയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.