ചെന്നൈ: ജിമ്മിലെ കഠിനമായ വർക്കൗട്ടിന് ശേഷം സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ബോഡി ബിൽഡർ മരിച്ചു. തമിഴ്‌നാട്ടിലെ അമ്പട്ടൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. ബോഡി ബിൽഡറും ജിമ്മിലെ പരിശീലകനുമായിരുന്ന യോഗേഷ് (41) ആണ് മരിച്ചത്. അറിയപ്പെടുന്ന ബോഡി ബിൽഡറായിരുന്നു യോഗേഷ്. ഒൻപത് തവണ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയിട്ടുള്ള അദ്ദേഹം 2022ൽ മിസ്റ്റർ തമിഴ്‌നാട് പട്ടത്തിനും അർഹനായിരുന്നു.

2022ൽ മിസ്റ്റർ തമിഴ്‌നാട് കിരീടം ലഭിച്ച ശേഷം കഠിന വ്യായാമങ്ങളിൽ നിന്ന് ഇടവേളയെടുത്ത യോഗേഷ് അടുത്ത മാസം നടക്കാനിരിക്കുന്ന ഒരു മത്സരത്തിന് വേണ്ടി വീണ്ടും പരിശീലനം തുടങ്ങിയതായിരുന്നു. നിരവധി ശിഷ്യഗണങ്ങൾ അടക്കം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കൊരട്ടൂരിലെ ഒരു ജിമ്മിൽ പരിശീലകനായിരുന്ന അദ്ദേഹം മരണപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ ജമ്മിൽ സജീവമായിരുന്നു. രാവിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യാനെത്തിയ ഏതാനും പേർക്ക് നിർദേശങ്ങൾ നൽകുകയും ഒപ്പം അദ്ദേഹവും വർക്കൗട്ട് ചെയ്യുകയും ചെയ്തു.

ഒരു മണിക്കൂർ നേരത്തെ വ്യായമത്തിന് ശേഷം താൻ ക്ഷീണിതനാണെന്നും സ്റ്റീം ബാത്ത് കഴിഞ്ഞ് വരാമെന്നും സഹപ്രവർത്തകരോട് പറഞ്ഞ ശേഷമാണ് ഫ്‌ളാറിൽ നിന്ന് യോഗേഷ് ഇറങ്ങിയത്. എന്നാൽ അര മണിക്കൂറിന് ശേഷവും മടങ്ങി വരാതായപ്പോൾ സുഹൃത്തുക്കൾക്ക് സംശയം തോന്നി. ബാത്ത്‌റൂം പരിശോധിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. വിളിച്ച് നോക്കിയിട്ടും പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോൾ വാതിൽ തകർത്ത് അകത്ത് കയറി.

അപ്പോഴാണ് നിലത്ത് ബോധരഹിതനായി യോഗേഷ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായാണ് ഡോക്ടർമാർ അറിയിച്ചത്. ഹൃദയാഘാതമാവാം മരണ കാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.