ബംഗളുരു: ബംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി ലഭിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. രണ്ട് ദിവസം മുമ്പ് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബംഗളുരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സജിത്ത് കുമാർ പറ‌ഞ്ഞു. സന്ദേശം ലഭിച്ചതിന് പിന്നാലെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഏതാനും ദിവസം മുമ്പ് രാജ്യ തലസ്ഥാനത്തെ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി ഉണ്ടായിരിന്നു. തുടർന്ന് സ്കൂളുകൾ പൂട്ടുകയും ക്ലാസുകൾ ഓൺലൈനാക്കുകയും ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെയാണ് ഡൽഹിയിലും നോയിഡയിലും പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായത്. അൽകോൺ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ-മെയിലിൽ ലഭിച്ചത്.