വാരാണസി: വാരാണസി വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി വിദേശ പൗരന്‍. ബംഗളൂരു ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രക്കാരനായ കനേഡിയന്‍ പൗരന്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

വിമാനത്തില്‍ കയറിയ ശേഷം തന്റെ കയ്യില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പരിഭ്രാന്തി പരത്തിയത്. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിശദമായ പരിശോധനക്കായി വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. പക്ഷേ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത പറഞ്ഞു.

ഇന്‍ഡിഗോ ജീവനക്കാര്‍ ഉടന്‍ തന്നെ യാത്രക്കാരന്റെ ഭീഷണി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എ.ടി.സി) അറിയിച്ചതായും ഗുപ്ത പറഞ്ഞു. വിമാനം നിലത്തിറക്കുകയും സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് പരിശോധിക്കുകയും ചെയ്തു. സുരക്ഷാ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം ഇന്ന് രാവിലെയാണ് വിമാനം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. കേസില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്.