നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള പ്രശസ്തമായ ഗാര്‍ഡന്‍ ഗാലേറിയ മാളിലെ ബാറിലെത്തിയ യുവാക്കളെ ബൗണ്‍സര്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഫെബ്രുവരി 6, 7 തീയതികളിലായി മാളിലെ 'ഇംപള്‍സ്' ബാറിലാണ് സംഭവം. ഡാന്‍സ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ നോയിഡ പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ, മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൂന്നോ നാലോ ബൗണ്‍സര്‍മാര്‍ ചേര്‍ന്ന് രണ്ട് യുവാക്കളെ വളഞ്ഞിട്ട് ആക്രമിക്കുന്നതും നിലത്തുവീണ യുവാവിനെ തുടരെത്തുടരെ ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്കേറ്റ യുവാക്കളെ രക്ഷിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും ബൗണ്‍സര്‍മാര്‍ അക്രമം തുടരുകയായിരുന്നു. മര്‍ദ്ദനമേറ്റ രണ്ട് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

കൂടാതെ, അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച മറ്റൊരു യുവാവിനെ ബാറിലെ വനിതാ ബൗണ്‍സര്‍മാര്‍ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. നേരത്തെയും ഇത്തരം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഗാര്‍ഡന്‍ ഗാലേറിയ മാളില്‍ സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുണ്ടായിസത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.