നാഗ്പൂർ: ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിൽ നിന്ന് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കുന്നതിനാണ് പ്രതിപക്ഷം ഒരുമിച്ചിരിക്കുന്നതെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് നൽകണമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട്. ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യഥാർത്ഥ സഖ്യകക്ഷികൾ സിബിഐയും ഇഡിയും ആദായനികുതി വകുപ്പുമാണെന്ന് വൃന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. 'ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ഥ രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതിനാൽ സാമൂഹിക കക്ഷികൾ സംസ്ഥാനതലത്തിൽ ഒന്നിക്കണം. ഇന്ത്യയെയും ഭരണഘടനയെയും ആർഎസ്എസിൽ നിന്നും ബിജെപിയിൽ നിന്നും രക്ഷിക്കുക എന്ന പൊതുലക്ഷ്യം പ്രതിപക്ഷ പാർട്ടികൾക്കുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം. എൻഡിഎ സഖ്യകക്ഷികളിൽ പലരും ഇഡിയെയും സിബിഐയെയും പേടിച്ച് കൂറുമാറിയതാണ്. ഏക സിവിൽ കോഡ് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയുടെ ഭാഗമാണ്'. വൃന്ദ കാരാട്ട് പറഞ്ഞു.

ബെംഗളുരുവിൽ പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗം കഴിഞ്ഞ സാഹചര്യത്തിലാണ് വൃന്ദയുടെ പ്രതികരണം. ഇന്നലെ നടന്ന വിശാല പ്രതിപക്ഷ യോഗത്തിൽ സഖ്യത്തിന് 'ഇന്ത്യ' എന്ന് പേര് നൽകിയിരുന്നു.