ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 2029 ഡിസംബറോടെ ബുള്ളറ്റ് ട്രെയിനിന്റെ മുഴുവന്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.

ബുള്ളറ്റ് ട്രെയിന്‍ സൂറത്തില്‍ നിന്ന് ബിലിമോറ വരെയാണ് സര്‍വീസ് നടത്തുക. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി തുടങ്ങിയ 12 സ്റ്റേഷനുകളാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദര്‍ശിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു. ട്രാക്കുകളുടെയും ഇലക്ട്രിക്ക് വയറിങ്ങുകളുടെയും പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

2028 ല്‍ താനെ വരെ ബുള്ളറ്റ് ട്രെയിനുകള്‍ നീട്ടും 2029 ഓടെ മുംബൈയിലെത്തും എന്നാണ് പ്രഖ്യാപനം. മെഹ്‌സാനയിലെ സര്‍വകലാശാലയിലെ പരിപാടിയിലെ പ്രസംഗത്തിനിടയിലായിരുന്നു പ്രഖ്യാപനം.