വിശാഖപട്ടണം: ദക്ഷിണേന്ത്യക്ക് വേണ്ടി ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് വരുന്നു. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഒരുങ്ങുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന ഇന്ത്യ ഭക്ഷ്യ ഉല്‍പ്പാദന ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്കായുള്ള സര്‍വേ നടന്നുവരികയാണെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി യാഥാര്‍ഥ്യമാകാന്‍ പോവുകയാണ്. അതിനായുള്ള സര്‍വേ പുരോഗമിക്കുകയാണ്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെ ബുള്ളറ്റ് ട്രെയിന്‍ ബന്ധിപ്പിക്കും. രാജ്യത്തെ അഞ്ച് കോടിയില്‍ പരം ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. മേഖല ലോകത്തിലെ ഏറ്റവും വലിയ ക്ലസ്റ്ററും ഏറ്റവും വലിയ വിപണിയുമാക്കി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ കോറിഡോറിന്റെ ഭാഗമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയാണ് ഇത്. പദ്ധതിയുടെ സ്റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്നായിരുന്നു റെയില്‍വേയുടെ അറിയിപ്പ്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ ഗുജറാത്തിലെ വഡോദര ജില്ലയിലെ വിശ്വാമിത്രി നദിയിലെ പാലം പൂര്‍ത്തിയായതായി ഇന്ത്യന്‍ റെയില്‍വേ ഓഗസ്റ്റ് 6 ന് അറിയിച്ചിരുന്നു.

പിന്നാലെയാണ് സ്റ്റേഷനുകള്‍ സംബന്ധിച്ച പ്രതികരണം പുറത്തുവരുന്നത്. ആധുനിക സൗകര്യങ്ങള്‍, സാംസ്‌കാരിക പൈതൃകം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി, പരിസ്ഥിതി സൗഹൃദമായ സവിശേഷതകള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത് എന്നും ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കിയിരുന്നു.