ബെംഗളൂരു: കര്‍ണകാടയിലെ ഹുന്‍സൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍നിന്ന് മഞ്ചേരി വഴി പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാത്രി 12.45-ഓടെ ആയിരുന്നു അപകടം. എസ്.കെ.എസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.

പരിക്കേറ്റവര്‍ മണിപ്പാല്‍ ആശുപത്രി ഉള്‍പ്പടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരില്‍നിന്നും ലഭിക്കുന്ന വിവരം.