ഹൈദരാബാദ്: നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ച് പിന്നീട് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഡ്രൈവർ മരിച്ചു. ഒഡിഷ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ഒ.എസ്.ആർ.ടി.സി.) ബസ് ഡ്രൈവറായ പി. സായ്കൃഷ്ണ (44) യ്ക്കാണ് കോരാപുട്-സുനാബെഡ റൂട്ടിൽ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായത്. ഇദ്ദേഹം മരിച്ചതായി പോലീസ് അറിയിച്ചു. ബസിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നു.

ആന്ധ്രപ്രദേശിലെ വിജയനഗരത്തിൽ നിന്ന് ഒഡിഷയിലെ മൽക്കൻഗിരിയിലേക്ക് പോകുകയായിരുന്നു ബസ്. കോരാപുട്-സുനാബെഡ പാതയിൽ ഡുമുരിപുട്ടിന് സമീപം വെച്ചാണ് സായ്കൃഷ്ണയ്ക്ക് ഹൃദയാഘാതമുണ്ടായത്. കോരാപുട്ടിൽ എത്തിയ ശേഷം അദ്ദേഹത്തെ എസ്.എൽ.എൻ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നീട് സഹഡ്രൈവർ ബസിന്റെ നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതമായി മൽക്കൻഗിരിയിൽ എത്തിച്ചുവെന്ന് ഒ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ പറഞ്ഞു.