സീതാമർഹി: ബിഹാറിലെ സീതാമർഹി ജില്ലയിൽ റോഡപകടത്തിൽ 13 വയസ്സുകാരൻ മരിച്ചതിന് പിന്നാലെ, മൃതദേഹം റോഡരികിൽ കിടക്കുമ്പോൾ അപകടത്തിൽ പെട്ട ട്രക്കിൽ നിന്നും മത്സ്യം ശേഖരിക്കാൻ ഓടിക്കൂടി നാട്ടുകാർ. പുപ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ ജാജിഹട്ട് ഗ്രാമത്തിന് സമീപം രാവിലെ കോച്ചിംഗ് ക്ലാസ്സിലേക്ക് പോകുന്നതിനിടെയാണ് ഗോലു എന്ന റിതേഷ് കുമാർ (13) എന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അമിതവേഗതയിലെത്തിയ പിക്കപ്പ് ട്രക്കിടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ തൽക്ഷണം മരിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം ഉടൻ തന്നെ സ്ഥലത്തെത്തി. എന്നാൽ, ദാരുണമായ അപകടം നടന്ന് മൃതദേഹം റോഡ് സൈഡിൽ കിടക്കുമ്പോഴും, സഹായം വാഗ്ദാനം ചെയ്യാനോ ആംബുലൻസ് വിളിക്കാനോ പോലീസിനെ വിവരമറിയിക്കാനോ തയ്യാറാകാതെ, അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് തെറിച്ചുവീണ മീനുകൾ കൊണ്ടുപോകുന്ന തിരക്കിലായിരുന്നു പ്രദേശവാസികളിൽ ചിലർ.

വിവരമറിഞ്ഞെത്തിയ പുപ്രി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചു. തുടർന്ന്, റിതേഷിന്റെ മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്ക് പോലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.