കൊൽക്കത്ത: ജഡ്ജി പദവിയിൽനിന്ന് രാജി വെക്കാനൊരുങ്ങുന്നതായി കൽക്കട്ട ഹൈക്കോടതി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ്. രാഷ്ട്രപതി ദ്രൗപദി മുർമു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം എന്നിവർക്ക് ഇതുസംബന്ധിച്ച് കത്തയയ്ക്കുമെന്ന് അദ്ദേഹം ഞായറാഴ്ച അറിയിച്ചു.

അതേസമയം, രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ജഡ്ജി പദവി വിട്ടൊഴിയുന്നതെന്നാണ് ചില മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ അഭിജിത് തയ്യാറായില്ല.

'കൽക്കട്ട ഹൈക്കോടതിയുടെ ജസ്റ്റിസ് പദവിയിൽനിന്ന് ചൊവ്വാഴ്ച രാജി വെക്കും. രാജിക്കത്ത് രാഷ്ട്രപതിക്കും അതിന്റെ പകർപ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയയ്ക്കുന്നതാണ്. ഇന്ന് ഇതുസംബന്ധിച്ച് കൂടുതലായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പിന്നീട് പ്രതികരിക്കുന്നതാണ്', - ഗംഗോപാധ്യായ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും രാജിക്ക് ശേഷം മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ജ. അഭിജിത് ഗംഗോപാധ്യായ് നടത്തിയ വിധിപ്രസ്താവങ്ങൾ ശ്രദ്ധ നേടിയവയാണ്. ബംഗാൾ രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കാനും അവയ്ക്ക് സാധിച്ചു. എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേട്, അദ്ധ്യാപകനിയമത്തിലെ ക്രമക്കേട് തുടങ്ങിയ അന്വേഷിക്കാൻ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണഏജൻസികൾക്ക് പല തവണ ജ. അഭിജിത് ഗംഗോപാധ്യായ് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.