- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംശയം തോന്നി യാത്രക്കാരന്‍റെ ബാഗ് പരിശോധിച്ചു; കസ്റ്റംസ് കണ്ടെടുത്തത് മുതലയുടെ തലയോട്ടി; കനേഡിയൻ പൗരൻ ദില്ലി വിമാനത്താവളത്തിൽ പിടിയിൽ; കുടുങ്ങിയത് തലയോട്ടി വിദേശത്തേക്ക് കടത്താൻ ശ്രമിക്കവെ
ദില്ലി: ദില്ലിയിൽ നിന്ന് കാനഡയിലേക്ക് കടത്താൻ ശ്രമിച്ച മുതലയുടെ തലയോട്ടിയുടെ വിമാനത്താവളത്തിൽ പിടിയിൽ. ദില്ലിയിൽ നിന്ന് കാനഡയിലേക്ക് പോവുകയായിരുന്ന കനേഡിയൻ പൗരനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. സംശയം തോന്നി യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് തലയോട്ടി കണ്ടടെടുത്തത്.
യാത്രക്കാരന്‍റെ ബാഗേജിൽ നിന്ന് ക്രീം നിറമുള്ള തുണിയിൽ പൊതിഞ്ഞ നിലയിലാണ് മുതലക്കുഞ്ഞിന്‍റെ തലയോട്ടി ഉണ്ടായിരുന്നത്. മൂർച്ചയുള്ള പല്ലുകളും താടിയെല്ലുമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. തലയോട്ടിക്ക് ഏകദേശം 777 ഗ്രാം ഭാരമുണ്ട്. 32കാരനായ യാത്രക്കാരന് എവിടെ നിന്നാണ് ഇത് ലഭിച്ചതെന്ന് ഇപ്പോൾ വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 1962ലെ കസ്റ്റംസ് നിയമത്തിലെ 104-ാം വകുപ്പ് പ്രകാരമാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. എയർ കാനഡ ഫ്‌ളൈറ്റ് നമ്പർ എസി 051ൽ കാനഡയിലേക്ക് പോകാനിരുന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യംചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.
മുതലയുടെ തലയോട്ടിയാണെന്ന് വനം-വന്യജീവി വകുപ്പ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ I പ്രകാരമുള്ള സംരക്ഷിത പട്ടികയിലുള്ളതായതിനാലാണ് നടപടി. ഏത് ഇനത്തിൽപ്പെട്ട മുതലയാണെന്ന് ഉൾപ്പെടയുള്ള വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്. ഇതിനായി തലയോട്ടി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് അയക്കും.
അതേസമയം, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെയും 1962ലെ കസ്റ്റംസ് നിയമത്തിലെയും വ്യവസ്ഥകൾ യാത്രക്കാരൻ ലംഘിച്ചുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ കസ്റ്റംസ് നിയമത്തിലെ 132, 133, 135, 135 എ, 136 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.