ഇംഫാൽ: മണിപ്പൂരിൽ ജൂണിൽ രണ്ട് വിദ്യാർത്ഥികളെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ഇവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. രണ്ട് മെയ്തെയ് വിദ്യാർത്ഥികളുടെ കൊലപാതകത്തിലാണ് നടപടി.

നാല് പേർ അസമിലേക്ക് കടന്നു കളഞ്ഞതായും സൂചനയുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് സിബിഐ അറിയിച്ചു. കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിയമത്തിന്റെ കൈയിൽ നിന്ന് ആർക്കും രക്ഷപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈയിലാണ് മെയ്‌തെയ് വിഭാഗക്കാരായ രണ്ട് വിദ്യാർത്ഥികളെ കാണാതായത്. മണിപ്പൂരിൽ ഇന്റ്റർനെറ്റ് പുനഃസ്ഥാപിച്ചതോടെയാണ് ഇവരെ കൊലപെടുത്തിയെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ഇതിനിടെ ഇന്നലെ അറസ്റ്റിലായ മണിപ്പൂർ കലാപത്തിലെ പ്രതി സെയ് മനുൽ ഗ്യാങ്‌ടേയെ രണ്ട് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

ഡൽഹി പാടല്യ ഹൗസ് കോടതിയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. മ്യാന്മറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ഭാഗമാണ് ഇയാളെന്നാണ് എൻഐഎ കണ്ടെത്തൽ.