ന്യൂഡൽഹി: കേന്ദ്രീയവിദ്യാലയങ്ങളിൽ പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന ഒറ്റ പെൺകുട്ടി സംവരണം അവസാനിപ്പിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം. 2024-25 അധ്യയന വർഷത്തെ പ്രവേശന നടപടികളിൽ ഒറ്റ പെൺകുട്ടി സംവരണം തിരഞ്ഞെടുക്കാൻ കഴിയില്ല. ഓൺലൈൻ അപേക്ഷയിൽ നിന്ന് ഈ സംവരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഒഴിവാക്കി.

മാതാപിതാക്കളുടെ ഏക പെൺകുട്ടിക്കാണ് ആ സംവരണപ്രകാരം സ്‌കൂളിൽ പ്രവേശനം ലഭിച്ചിരുന്നത്. ഇങ്ങനെ പ്രവശനം ലഭിക്കുന്ന കുട്ടികൾക്ക് ഫീസ് നൽകേണ്ടിവന്നിരുന്നില്ല. എന്നാൽ ഈ അക്കാദമിക് വർഷം മുതൽ ഒറ്റപ്പെൺകുട്ടി സംവരണം വേണ്ടെന്നാണ് കേന്ദ്ര തീരുമാനം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പെൺകുട്ടികൾക്കെതിരേയുള്ള വിവേചനം, ഭ്രൂണഹത്യ തുടങ്ങിയവ തടയാനും അവർക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഏർപ്പെടുത്താനും വേണ്ടിയെന്നു പറഞ്ഞാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപ്പെൺകുട്ടി സംവരണം ആരംഭിച്ചത്. എന്നാൽ പ്രത്യേകിച്ച് മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഇല്ലാതെയാണ് കേന്ദ്രം സംവരണം നിർത്തലാക്കിയത്. രാജ്യത്താകെ 1200 ലധികം കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.

സംവരണം പുനഃസ്ഥാപിക്കണമെന്നും ആവ ശ്യപ്പെട്ട് സിപിഐ. രാജ്യസഭാംഗം ബിനോയ് വിശ്വം കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. സംവരണം നിർത്തലാക്കുന്നത് സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിന് തുല്യമാണെന്ന് എംപി കത്തിൽ പറഞ്ഞു. സ്ത്രീകൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിൽ പ്രസ്തുത നടപടി തടസമാകുമെന്നും എംപി കത്തിൽപറഞ്ഞു.