റായ്പുര്‍: ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാഘേലിനെ ഇഡി അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കസിന്റെ അന്വേഷണത്തിലാണ് അറസ്റ്റ്.

ഭിലായിലെ വസതിയില്‍ നിന്നാണ് ചൈതന്യയെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ വസതിയില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഭൂപേഷ് ബാഘേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് നിര്‍ണായക നീക്കം.

മദ്യനയ അഴിമതിയില്‍ മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്ത് ഛത്തീസ്ഗഡ് അഴിമി വിരുദ്ധ ബ്യൂറോ കേസ് എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം ആരംഭിച്ചത്.

സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സമാന്തര എക്സൈസ് വകുപ്പ് നടത്തുകയായിരുന്നു എന്നാണ് ഇഡി ആരോപണം. മദ്യം വില്‍പന നടത്തിയെങ്കിലും പണം സംസ്ഥാന ഖജനാവിലെത്തിയിരുന്നില്ല. ഇതിലൂടെ സര്‍ക്കാരിന് 2,161 കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് അന്വേഷണ ഏജന്‍സി കണക്കാക്കിയിരിക്കുന്നത്. അഴിമതിപ്പണത്തിലൊരു ഭാഗം ചൈതന്യയും അടുത്ത അനുയായികളും ചേര്‍ന്ന് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ വെളുപ്പിച്ചെടുത്തെന്നാണ് ആരോപണം.

അതേസമയം പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ചൈതന്യയുടെ അറസ്റ്റിന് പിന്നാലെ ഭൂപേഷ് ബഘേല്‍ പറഞ്ഞു.