വിജയവാഡ: അഴിമതി കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡു കോടതിയിൽ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചു. ഇടക്കാല ജാമ്യാപേക്ഷയിൽ തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു,

തനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വാദം നടക്കാനിടയില്ലെന്ന് നായിഡുവിന്റെ അഭിഭാഷകൻ പി.ടി.ഐയോട് പറഞ്ഞു. നായിഡുവിനെ റിമാൻഡ് ചെയ്ത എ.സി.ബി കോടതിയിൽ വ്യാഴാഴ്ചയാണ് അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.

നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞ് കാരവനിൽ ഉറങ്ങുന്നതിനിടെയാണ് ഇക്കഴിഞ്ഞ ഒമ്പതിന് നായിഡുവിനെ അറസ്റ്റ് ചെയ്യുന്നത്. കോടികളുടെ നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയിൽ സംസ്ഥാന സർക്കാരിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കിയ കേസിലായിരുന്നു സിഐ.ഡി വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോൾ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലാണ് ചന്ദ്രബാബു നായിഡു.