ബംഗളുരു: ഇന്ത്യയുടെ ചന്ദ്രയാൻ 3 ചരിത്ര നേട്ടത്തിൽ സന്തോഷം പങ്കുവച്ച് നടൻ പ്രകാശ് രാജ്. ഇന്ത്യക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷമാണെന്ന് നടൻ പറഞ്ഞു. ഐ എസ് ആർഒയ്ക്കും ചന്ദ്രയാൻ 3 നും വിക്രം ലാൻഡറിനും ഇത് യാഥാർഥ്യമാക്കാൻ സംഭാവന ചെയ്ത ഓരോരുത്തർക്കും നന്ദി. പ്രപഞ്ചത്തിന്റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ''യെന്നാണ് പ്രകാശ് രാജ് കുറിച്ചത്.

നേരത്തെ വിക്രം ലാൻഡറിൽ നിന്ന് അയച്ച ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിൽ കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ നടനെതിരെ കേസെടുത്തിരുന്നു.

വെറുപ്പ് പ്രചരിപ്പിക്കുന്നവർ വെറുപ്പ് മാത്രമേ കാണൂ. കേരളത്തിൽനിന്നുള്ള ചായക്കടക്കാരനെയാണ് ഉദ്ദ്യേശിച്ചതെന്നായിരുന്നു പ്രകാശ് രാജിന്റെ വിശദീകരണം. ചന്ദ്രയാൻ മൂന്ന് ബഹിരാകാശ ദൗത്യത്തിനെ പരിഹസിച്ച നടൻ പ്രകാശ് രാജ് ഇന്ത്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്ര മന്ത്രി ശോഭ കാറന്ത്‌ലാജെ ആവശ്യപ്പെട്ടിരുന്നു.