- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പുകമഞ്ഞ് നിയന്ത്രിക്കണം..'; ഡൽഹി നഗരത്തിൽ ക്ലൗഡ് സീഡിങ് നടത്തി; ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിലൂടെ പ്രോസസ്സ്; കൃത്രിമ മഴ ഉടൻ പെയ്യുമെന്ന പ്രതീക്ഷയിൽ അധികൃതർ
ഡൽഹി: നഗരത്തിലെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും പുകമഞ്ഞ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിമാനങ്ങൾ ഉപയോഗിച്ച് ക്ലൗഡ് സീഡിംഗ് നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) കാൺപൂരിൽ നിന്നുള്ള വിമാനം ഈസ്റ്റ് ഡൽഹിയിലെ ഈർപ്പം നിറഞ്ഞ മേഘങ്ങൾക്ക് മുകളിൽ രാസവസ്തുക്കൾ വിതറി.
ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസയുടെ വാക്കുകളിൽ, ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കുന്നത് വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 15 മിനിറ്റ് മുതൽ 4 മണിക്കൂറിനുള്ളിൽ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖേക്ര, ബുരാരി, മയൂർ വിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ക്ലൗഡ് സീഡിംഗ് നടത്തി. ആദ്യ പരീക്ഷണത്തിൽ എട്ട് ഫ്ലെയറുകൾ ഉപയോഗിച്ചു. കൂടുതൽ പരീക്ഷണങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
സിൽവർ അയോഡൈഡ്, സോഡിയം ക്ലോറൈഡ് തുടങ്ങിയ രാസ സംയുക്തങ്ങൾ മേഘങ്ങളിലേക്ക് വിതറുമ്പോൾ അവ ജലാംശത്തെ ഘനീഭവിപ്പിക്കുകയും തുള്ളികളായി രൂപപ്പെടുത്തുകയും മഴയായി പെയ്യാനും സഹായിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ 15 മുതൽ 30 മിനിറ്റിനുള്ളിൽ മഴ ലഭിച്ചേക്കാം. തണുത്തതോ വരണ്ടതോ ആയ മേഘങ്ങളാണെങ്കിൽ രണ്ട് മണിക്കൂർ വരെ സമയമെടുത്തേക്കാം. കാറ്റിന്റെ ശക്തി, താപനില, മേഘങ്ങളുടെ ഉയരം തുടങ്ങിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കും.




