- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു; സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. രുദ്രപ്രയാഗ് ജില്ലയിലെ ബരേത്ത് ദുൻഗർ ടോക്ക്, ചമോലി ജില്ലയിലെ ദേവാൽ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനങ്ങളുണ്ടായത്. ഈ പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. നിലവിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വിലയിരുത്തി. ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടാണ് അദ്ദേഹം വിവരങ്ങൾ ശേഖരിക്കുന്നത്. രുദ്രപ്രയാഗ് ജില്ലയിലെ ഛേനാഗാഡ് മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ മണ്ണിൽ പുതഞ്ഞതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു.
നേരത്തെ ധരാലിയിലും മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് നൂറിലധികം ആളുകളെ കാണാതായി. ഗംഗോത്രി തീർത്ഥാടനം നടക്കുന്ന പാതകളിലൊന്നായ ഉത്തരകാശി-ഹർസിൽ റോഡ് അടുത്തിടെ പുനർനിർമ്മിച്ചെങ്കിലും, മേഘവിസ്ഫോടനത്തെ തുടർന്ന് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അതേസമയം, ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നോയിഡ, ഗാസിയാബാദ്, ഡൽഹിയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിലും ഗാസിയാബാദിലും നേരത്തെയും യെലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. മേഘവിസ്ഫോടന സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ അതീവ ജാഗ്രത തുടരുകയാണ്.