റാഞ്ചി: ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായാണ് വിവരം. തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.

ഡെറാഡൂണ്‍, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാള്‍, അല്‍മോറ തുടങ്ങിയ ജില്ലകളില്‍ ഇടിമിന്നല്‍, മിന്നല്‍, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയില്‍ ദുരന്തമുണ്ടായത്.

മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയില്‍ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ട് പേര്‍ മരിച്ചിരുന്നു. അതിനിടെ ഹര്‍സിലില്‍ പുതുതായി രൂപംകൊണ്ട തടാകം വറ്റിക്കാന്‍ എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും അടക്കം ശ്രമം തുടരുകയാണ്.