- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമ മരുന്ന് കഴിച്ച് ഒരു കുട്ടി കൂടി മരിച്ചു; മരിച്ചത് മൂന്ന് വയസുകാരി; ഇതോടെ മരുന്ന് കഴിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത് സെപ്റ്റംബര്‍ രണ്ടിന്
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ വീണ്ടും ചുമമരുന്ന് ദുരന്തം. മൂന്ന് വയസ്സുകാരി അംബിക വിശ്വകര്‍മ ചുമമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി ചികിത്സയ്ക്കിടെ മരണപ്പെട്ടു. നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സയിലിരുന്നത്. വൃക്ക തകരാറിലായതിനെ തുടര്‍ന്നാണ് അംബികയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാനത്ത് ചുമമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടികളുടെ എണ്ണം 25 ആയി.
അംബികയെ സെപ്റ്റംബര്‍ 14-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ആരോഗ്യനിലയില്‍ പുരോഗതിയൊന്നും കാണാനായില്ലെന്ന് ചിന്ദ്വാര അഡീഷണല്‍ കളക്ടര്‍ ധിരേന്ദ്ര സിങ് അറിയിച്ചു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചുമമരുന്ന് നല്‍കിയതായാണ് പ്രാഥമിക നിഗമനം. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ചിന്ദ്വാരയിലും ബെടുള്‍ ജില്ലകളിലുമുള്ള രണ്ടു കുട്ടികള്‍ നാഗ്പൂരില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 'ജി. രഘുനാഥന്‍ ഫാര്‍മ' എന്ന മരുന്ന് കമ്പനിയുടെ ഉടമയുമായ ഇയാള്‍, കുട്ടികള്‍ക്ക് കോള്‍ഡ്രിഫ് കഫ്‌സിറപ്പ് നല്‍കിയതായാണ് കണ്ടെത്തല്‍.
പരിശോധനയില്‍, മരുന്നില്‍ ഗുരുതര വിഷാംശമായ ഡൈഎഥിലീന്‍ ഗ്ലൈക്കോള്‍ 45 ശതമാനം വരെ അടങ്ങിയതായി കണ്ടെത്തി. ഇതോടെ മധ്യപ്രദേശ് ഉള്‍പ്പെടെ രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ കോള്‍ഡ്രിഫ് കഫ്‌സിറപ്പ് നിരോധിച്ചു. പനി, കഫക്കെട്ട് മുതലായതിനായി മരുന്ന് കഴിച്ച കുട്ടികളില്‍ ഛര്‍ദ്ദി, വൃക്ക തകരാറ് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടത്. സെപ്റ്റംബര്‍ 2-നാണ് ആദ്യമരണം രേഖപ്പെടുത്തിയത്.