ബദൗൺ: ബദൗൺ: രണ്ട് വ്യത്യസ്ത മത വിഭാഗങ്ങളിൽപ്പെട്ടവരുടെ പ്രണയത്തെ തുടർന്നുണ്ടായ വർഗീയ സംഘർഷം അക്രമാസക്തമായി. ഡെറാഡൂൺ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഇരു സമുദായങ്ങളിലെ ആളുകൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടി. ഇരുകൂട്ടരും തമ്മിൽ കല്ലേറിൽ ട്രെയിനുകൾക്കുൾപ്പെടെ കേടുപാടുകൾ ഉണ്ടായി. ബദൗണിൽ നിന്നുള്ള യുവതിയും യുവാവും ഉണ്ടെന്നറിഞ്ഞ് എത്തിയ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ബദൗണിൽ നിന്നുള്ള യുവതിയും യുവാവും ഒരാളെ കാണാനാണ് സംഭവസ്ഥലത്തെത്തിയത്. ഇരുവരും റെയിൽവേ സ്റ്റേഷനിൽ ഉണ്ടെന്നറിഞ്ഞ് അവിടേക്കെത്തിയ ഇരു സമുദായക്കാരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഇരുകൂട്ടരും തമ്മിൽ പരസ്പരം ആക്രമിക്കാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു. തുടർന്ന് പരസ്പരമുണ്ടായ കല്ലേറിൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ ആരംഭിച്ചു. തുടർന്ന് അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ സ്റ്റേഷനിലും പരിസരത്തും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സീനിയർ പോലീസ് സൂപ്രണ്ട് അജയ് സിംഗിനാണ് ചുമതല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ റെയിൽവേ സ്റ്റേഷനിലും സമീപ പ്രദേശങ്ങളായ റീത്ത മണ്ഡി ഉൾപ്പെടെയുള്ള പരിസരങ്ങളിലും പോലീസ് സംഘം പട്രോളിങ് നടത്തി.

''ബദൗണിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇവിടെയുള്ള ഒരാളെ കാണാനാണ് ഡെറാഡൂണിൽ എത്തിയത്. ബദൗണിൽ കുട്ടി കാണാതായെന്ന് പരാതി നേരത്തെ പോലീസിന് ലഭിച്ചിരുന്നു. പെൺകുട്ടിയുള്ള സ്ഥലം മനസിലാക്കിയ പോലീസ് വിവരം ഗവൺമെന്റ് റെയിൽവേ പോലീസ് അറിയിച്ചു. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു. ഈ വിവരം എങ്ങനെയോ പുറത്താവുകയും ഹിന്ദു-മുസ്ലിം സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷവും കല്ലേറും ഉണ്ടായി. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്, പ്രദേശത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്,” ഡെറാഡൂൺ എസ്എസ്‌പി അജയ് സിങ് പറഞ്ഞു.

സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അക്രമത്തിന് ഉത്തരവാദികളായ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പറഞ്ഞു.