ഗുരുഗ്രാം: റാപ്പിഡോ ഡ്രൈവറിൽ നിന്നുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഗുരുഗ്രാമിൽ നിന്നുള്ള യുവതി. ഡ്രൈവർ തന്നെ രാത്രിയിൽ പാതിവഴിയിൽ ഇറക്കിവിട്ടുവെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യുവതി ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾക്കെതിരെ യുവതി നിയമനടപടിയുമായി മുന്നോട്ട് പോവുകയാണ്.

ഡിസംബർ 15-ന് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങാനായിട്ടാണ് യുവതി റാപ്പിഡോ വഴി ഒരു ക്യാബ് ബുക്ക് ചെയ്തത്. കാറിൽ കയറിയപ്പോൾ ഡ്രൈവർ വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരിക്കുകയായിരുന്നു. യുവതി ഫോണിൽ സംസാരിക്കുകയായിരുന്നു എന്നതിനാൽ ഒന്നിലധികം തവണ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ഡ്രൈവറോട് വളരെ മര്യാദയോടെ ആവശ്യപ്പെട്ടു. എന്നാൽ അയാൾ യുവതിയെ അവഗണിക്കുകയാണ് ചെയ്തത്.

മൂന്നാമതും ആവശ്യപ്പെട്ടതോടെ ഡ്രൈവർ പ്രകോപിതനായി. "ഇത് നിന്റെ അച്ഛന്റെ കാറല്ല, എന്റെ കാറിൽ എന്ത് ചെയ്യണമെന്ന് നീയെന്നോട് പറയേണ്ട" എന്ന് അയാൾ ആക്രോശിച്ചു. യാത്രക്കാരോട് ഇങ്ങനെയല്ല പെരുമാറേണ്ടത് എന്ന് പറഞ്ഞപ്പോൾ വഴിമധ്യേ കാർ നിർത്തി യുവതിയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. സമയം രാത്രിയായിരുന്നു എന്നത് പോലും അയാൾ പരിഗണിച്ചില്ല. താൻ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ അയാളും കൂടെയിറങ്ങിയെന്നും തന്നെ ഭയപ്പെടുത്തുന്ന രീതിയിൽ നോക്കിയെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തിന് പിന്നാലെ യുവതി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ എടുക്കാൻ പോലീസ് ആദ്യം തയ്യാറായില്ലെന്ന് യുവതി പറയുന്നു. പകരം അയാളെ ലോക്കപ്പിലിടാം എന്നൊക്കെയുള്ള താൽക്കാലിക പരിഹാരങ്ങളാണ് നിർദ്ദേശിച്ചത്. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത യുവതി പിറ്റേന്ന് തന്നെ ജില്ലാ കോടതിയിൽ പോയി കേസ് ഫയൽ ചെയ്തു.

"സ്ത്രീകളെ ബഹുമാനിക്കുക, അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും" എന്ന് തന്റെ വീഡിയോയുടെ അടിക്കുറിപ്പായി യുവതി എഴുതി. തന്റെ ഈ പോരാട്ടം നിശബ്ദരാക്കപ്പെട്ട ഓരോ സ്ത്രീക്കും വേണ്ടിയാണെന്നും ഡ്രൈവർക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യുവതി വ്യക്തമാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ റാപ്പിഡോ പോലെയുള്ള സേവനങ്ങളിലെ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾ ഉയരുകയാണ്.