- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു; എന്നാൽ, സംഘർഷങ്ങൾ ഒരു പരിഹാരവും നൽകുന്നില്ല'; ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കുന്നു. എന്നാൽ ആക്രമണം ഒരു പരിഹാരവും നൽകുന്നില്ല. അതിനാൽ ആക്രമണം അവസാനിപ്പിക്കണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സും ഉള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ അഭിലാഷങ്ങൾ, ഇസ്രയേലി ജനതയുടെ സുരക്ഷാ താൽപ്പര്യങ്ങൾ കൂടി ഉറപ്പാക്കിക്കൊണ്ടുള്ള ചർച്ചകളിലൂടെ മാത്രമേ നിറവേറപ്പെടുകയുള്ളൂ എന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്.
ഒരു തരത്തിലുള്ള സംഘർഷങ്ങളും ഒരു പരിഹാരവും എവിടെയും നൽകില്ലെന്നും ജയ്റാം രമേശ് എക്സിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇസ്രയേലും ഹമാസും നടത്തുന്ന ആക്രമണങ്ങളിൽ ഇരു ഭാഗങ്ങളിൽ നിന്നുമായി അറുന്നൂറോളം പേരാണ് മരിച്ചത്. രണ്ടായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
2000 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രയേലി മാധ്യമങ്ങളുടെ റിപ്പോർട്ട്. അതേസമയം, ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന കടുത്ത ആക്രമണം തുടരുകയാണ്. ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച് 370 പേരാണ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു.
അതേസമയം, ലെബനാനിലെ ഹിസ്ബുല്ല സായുധ സംഘം ഞായറാഴ്ച ഇസ്രോയൽ അധീനതയിലുള്ള ഗോലാൻകുന്നുകളിലെ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തി. 12ലേറെ തവണ റോക്കറ്റ്, ഷെല്ലാക്രമണമാണ് ഹിസ്ബുല്ല നടത്തിയത്. ഷീബ ഫാംസ് മേഖലയിലെ ഹിസ്ബുല്ല ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.