- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോര്‍പറേറ്റ് നികുതി വെട്ടിക്കുറക്കല്‍: കോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി; ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇടത്തരക്കാര്‍ കനത്ത നികുതിഭാരം വഹിക്കുമ്പോള്‍, കോര്‍പറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ്. വ്യക്തിഗത ആദായനികുതി വരുമാനം കോര്‍പറേറ്റ് നികുതിയെക്കാള്‍ വളരെയധികം വര്‍ധിച്ചതായ വിവരം പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പുറത്തുവിട്ടതോടെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ജൂലൈ 11വരെയുള്ള കണക്കനുസരിച്ച് മൊത്തം പ്രത്യക്ഷ നികുതി വരുമാനം 5,74,357 കോടി രൂപയായി ഉയര്‍ന്നു. റീഫണ്ടുകള്‍ ഒഴിച്ചാല്‍, ഇതില്‍ 2,10,274 കോടി രൂപ മാത്രമാണ് കോര്‍പറേറ്റ് ആദായനികുതി. വ്യക്തിഗത ആദായനികുതിയാകട്ടെ 3,46,036 കോടിയും. ഇതോടെ, കമ്പനികളെക്കാള്‍ കൂടുതല്‍ നികുതിഭാരം വ്യക്തികളില്‍ അടിച്ചേല്പിക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് 'എക്സി'ല്‍ കുറിച്ചു.
കോണ്‍ഗ്രസ് കുറച്ചുകാലമായി ഉന്നയിക്കുന്ന ഈ പ്രശ്നം വീണ്ടും വീണ്ടും സ്ഥിരീകരിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്മോഹന് സിങ് സ്ഥാനമൊഴിയുമ്പോള്‍, വ്യക്തിഗത ആദായനികുതി മൊത്തം നികുതി വരുമാനത്തിന്റെ 21 ശതമാനമായിരുന്നെങ്കില്‍ ഇന്നത് 28 ശതമാനമായി ഉയര്‍ന്നു. അതേസമയം, കോര്‍പറേറ്റ് നികുതി 35 ശതമാനത്തില്‍നിന്ന് 26 ശതമാനത്തിലെത്തി.
സ്വകാര്യ നിക്ഷേപത്തില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് വിലയിരുത്തിയാണ് 2019 സെപ്റ്റംബര്‍ 20ന് കോര്‍പറേറ്റ് നികുതി നിരക്കുകള്‍ വെട്ടിക്കുറച്ചതെന്ന് ജയ്റാം രമേശ് ആരോപിച്ചു.