മുംബൈ: മദ്യനയക്കേസിൽ ഇ.ഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ധാർമികതയുടെ പേരിൽ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ കുറിപ്പിൽ പറഞ്ഞു. മദ്യനയത്തിന്റെ പിന്നിലെ സത്യാവസ്ഥ എന്താണെന്ന് കോടതി തീരുമാനിക്കും. ഒരു മുഖ്യമന്ത്രി കുറ്റാരോപിതനായി കസ്റ്റഡിയിലാണ്. അദ്ദേഹം ഇപ്പോഴും തന്റെ പദവിയിൽ ഉറച്ചുനിൽക്കുകയാണ്. എന്ത് തരം ധാർമികതയാണിതെന്നും സഞ്ജയ് നിരുപം വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് നേരിടുന്നത്. അദ്ദേഹം സഹതാപം അർഹിക്കുന്നുണ്ട്. എന്നാൽ സ്ഥാനമൊഴിയാത്ത അദ്ദേഹത്തിന്റെ നിലപാട് ഇന്ത്യൻ രാഷ്ട്രീയത്തെ മുറിവേൽപ്പിക്കുകയാണെന്നും മുൻ കോൺഗ്രസ് എംപിയായ നിരുപം പറഞ്ഞു.

എൽ.കെ അദ്വാനി, മാധവ്റാവോ സിന്ധ്യ, കമൽ നാഥ് എന്നിവരെല്ലാം ആരോപണങ്ങളെ തുടർന്ന് സ്ഥാനങ്ങൾ രാജിവെച്ചവരാണ്. ട്രെയിൻ അപകടത്തെ തുടർന്നാണ് ലാൽ ബഹദൂർ ശാസ്ത്രി രാജിവെച്ചത്, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ പാരമ്പര്യമുണ്ട്. ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് രാജിവെച്ചിരുന്നുവെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. 11 വർഷം പഴക്കമുള്ള ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ തികച്ചും കീഴ്‌വഴക്കമില്ലാത്ത കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.