ഭോപ്പാല്‍: ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ കോണ്‍ഗ്രസ് എം എല്‍ എയെ മധ്യപ്രദേശ് നിയമസഭ അയോഗ്യനാക്കി. ദാതിയ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള അംഗമായ രാജേന്ദ്ര ഭാരതിക്കാണ് അയോഗ്യത. ബാങ്ക് തട്ടിപ്പ് കേസില്‍ ഡല്‍ഹി കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് നടപടി.

ഭാരതിയുടെ നിയമസഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം വ്യാഴാഴ്ച രാത്രി നിയമസഭാ അധികൃതര്‍ പുറപ്പെടുവിച്ചു. 1998-നും 2011-നും ഇടയിലെ കേസാണ്. ജീവനക്കാരന്റെ സഹായത്തോടെ ബാങ്ക് രേഖകളില്‍ കൃത്രിമം കാട്ടി നിയമവിരുദ്ധമായി പലിശ തുക വാങ്ങിക്കയായിരുന്നു. മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കോണ്‍ഗ്രസ് എം എല്‍ എ ഭാരതിക്കും കൂട്ടുപ്രതിയായ മുന്‍ ബാങ്ക് ജീവനക്കാരന്‍ രഘുവീര്‍ ശരണ്‍ പ്രജാപതിക്കും എതിരെ കേസ് സംശയമില്ലാതെ തെളിയിക്കപ്പെട്ടു. ഇരുവരും ചേര്‍ന്നാണ് നിക്ഷേപം കാണിച്ച് പലിശ വാങ്ങിച്ച് കൊണ്ടിരുന്നത്.

ജില്ലാ സഹകാരി കൃഷി ഔര്‍ ഗ്രാമീണ്‍ വികാസ് ബാങ്കുമായി ബന്ധപ്പെട്ട അഴിമതിയിലാണ് പ്രത്യേക ജഡ്ജി ദിഗ് വിനയ് സിംഗ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. രാജേന്ദ്ര ഭാരതി, മുന്‍ ബാങ്ക് കാഷ്യര്‍ രഘുവീര്‍ ശരണ്‍ പ്രജാപതി എന്നിവര്‍ ഭാരതിയുടെ അന്തരിച്ച മാതാവ് സാവിത്രി ദേവിയുമായി ചേര്‍ന്ന് ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കോടതി കണ്ടെത്തി.

1998-ല്‍ നിക്ഷേപിച്ച ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ കാലാവധി കഴിഞ്ഞിട്ടും ഉയര്‍ന്ന പലിശ നിരക്കില്‍ തന്നെ തുക കൈപ്പറ്റാന്‍ ഇവര്‍ ബാങ്ക് രേഖകളില്‍ കൃത്രിമം കാണിച്ചു. മുന്നു വര്‍ഷത്തേക്കുള്ള എഫ്ഡിയാണ് ദീര്‍ഘിപ്പിച്ച് കാണിച്ചത്. ബാങ്ക് ലെഡ്ജറുകള്‍, എഫ്ഡി രസീതുകള്‍ എന്നിവ തിരുത്തി 2011 വരെ ഈ തട്ടിപ്പ് തുടര്‍ന്നു.

കേസില്‍ വര്‍ഷങ്ങളായി നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേസ് മധ്യപ്രദേശില്‍ നിന്നും ഡല്‍ഹിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.