ന്യൂഡൽഹി: നെഹ്റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേരുമാറ്റാനുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സംഭാവന ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരി പറഞ്ഞു. കെട്ടിടങ്ങളുടെ പേരുമാറ്റിയാൽ പൈതൃകം മായ്ക്കപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നെഹ്റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎൽ) പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി മാറ്റുമെന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണു പ്രതികരണം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂർത്തി ഭവനിൽ, കഴിഞ്ഞ വർഷമാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത്.

വ്യാഴാഴ്ച നടന്ന എൻഎംഎംഎൽ സൊസൈറ്റിയുടെ യോഗത്തിലാണ് നെഹ്റു മെമോറിയൽ മ്യൂസിയത്തിന്റെ പേരു മാറ്റാനുള്ള തീരുമാനമെടുത്തത്. 29 അംഗ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് എൻഎംഎംഎൽ സൊസൈറ്റി പ്രവർത്തിക്കുന്നത്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് ഠാക്കൂർ, ധർമേന്ദ്ര പ്രധാൻ, ജി.കിഷൻ റെഡ്ഡി, നിർമല സീതാരാമൻ എന്നിവർ അംഗങ്ങളാണ്.

കോൺഗ്രസിന്റെ മുതിർന്ന നേതാവായ ജയറാം രമേശും പേരുമാറ്റൽ നടപടിക്കെതിരെ രംഗത്തെത്തി. ''അൽപത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദി എന്നാണ്. 59 വർഷത്തിലേറെയായി പുസ്തകങ്ങളുടെയും ആർക്കൈവുകളുടെയും ആഗോള ബൗദ്ധിക കേന്ദ്രമാണ് ആണ് എൻഎംഎംഎൽ. ഇനി മുതൽ ഇത് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നു വിളിക്കപ്പെടും. ഇന്ത്യൻ ദേശീയ രാഷ്ട്രത്തിന്റെ ശില്പിയുടെ പേരും പൈതൃകവും വളച്ചൊടിക്കാനും ഇകഴ്‌ത്താനും നശിപ്പിക്കാനും മോദി എന്തും ചെയ്യും. അരക്ഷിതാവസ്ഥയിൽ ഭാരം ചുമക്കുന്ന ഒരു ചെറിയ മനുഷ്യൻ, സ്വയംപ്രഖ്യാപിത വിശ്വഗുരുവാകുന്നു.'' ജയറാം രമേശ് ട്വീറ്റ് ചെയ്തു.

'ആധുനികവും സമകാലികവുമായ ഇന്ത്യ' എന്ന വിഷയത്തെക്കുറിച്ചുള്ള നൂതന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായാണു സ്വയംഭരണ സ്ഥാപനമായി നെഹ്റു മെമോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സ്ഥാപിച്ചത്. ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ തീൻ മൂർത്തി ക്യാംപസിനുള്ളിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 1964 നവംബർ 14ന്, നെഹ്‌റുവിന്റെ 75-ാം ജന്മവാർഷികത്തിൽ അന്നത്തെ രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. 1948 ഓഗസ്റ്റ് മുതൽ 1964 മെയ്‌ 27 വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂർത്തി ഭവൻ. 2022 ഏപ്രിലിലാണ് ഇതു പുനർനിർമ്മിക്കുകയും പ്രധാനമന്ത്രിമാരുടെ മ്യൂസിയമായി മാറ്റുകയും ചെയ്തത്.