ഛത്തീസ്ഗഢ്: ഭാര്യ മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് മനംനൊന്ത് 40-കാരനായ ഭർത്താവ് ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ധംതാരി ജില്ലയിലാണ് സംഭവം നടന്നത്. തികുറാം സെൻ ആണ് മരിച്ചത്. പോലീസ് പറയുന്നതനുസരിച്ച്, വീട്ടിലേക്ക് മുട്ട വാങ്ങിക്കൊണ്ടുവന്ന ശേഷം തികുറാം ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ, 'കരു ഭാത്' ഉത്സവ ദിവസമായതുകൊണ്ടും അടുത്ത ദിവസം ഉപവാസത്തിരിക്കാൻ പോകുകയാണെന്നും അതിനാൽ മുട്ടക്കറി ഉണ്ടാക്കാൻ കഴിയില്ലെന്നും ഭാര്യ അറിയിച്ചു. വിവാഹിതരായ സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും സമൃദ്ധിക്കുമായി അനുഷ്ഠിക്കുന്ന ഉപവാസത്തിന്റെ തലേന്ന് കയ്പക്ക കൊണ്ട് ഉണ്ടാക്കുന്ന വിഭവം കഴിക്കാറുണ്ട്. ഇത് കഴിച്ചാണ് സ്ത്രീകൾ ഉപവാസം ആരംഭിക്കുന്നത്. ഈ കാരണത്താലാണ് തനിക്ക് മുട്ടക്കറി ഉണ്ടാക്കാൻ സാധിക്കില്ലെന്ന് ഭാര്യ തീർത്തു പറഞ്ഞത്.

ഇതിനെത്തുടർന്നുണ്ടായ വഴക്കിൽ ദേഷ്യത്തോടെ വീടുവിട്ടിറങ്ങിയ തികുറാമിനെ പിന്നീട് വീടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തികുറാമിൻ്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചെന്നും മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.