- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധാരാവിയിൽ മസ്ജിദിന്റെ കൈയേറ്റ ഭാഗം പൊളിക്കാൻ നോട്ടീസുമായി കോർപ്പറേഷൻ അധികാരികൾ; തടഞ്ഞ് പ്രദേശവാസികൾ; അനധികൃത ഭാഗം സ്വയം പൊളിക്കുമെന്ന് ട്രസ്റ്റ്
ധാരാവി ചേരിയിൽ സ്ഥാപിതമായ മസ്‌ജിദിന്റെ അനധികൃത ഭാഗം പൊളിക്കാനെത്തിയ കോർപ്പറേഷൻ അധികൃതരെ പ്രദേശവാസികൾ തടഞ്ഞു. തുടർന്ന് സംഭവസ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മെഹബൂബ്-ഇ-സുബ്ഹാനി എന്ന മസ്ജിദിനെതിരെയാണ് നടപടിയുമായി അധികാരികളെത്തിയത്.
ശേഷം ഉച്ചയോടെ, മസ്ജിദിൻ്റെ ട്രസ്റ്റികൾ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ്റെ ( ബിഎംസി ) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, കയ്യേറ്റ ഭാഗം നീക്കം ചെയ്യാൻ നാലോ അഞ്ചോ ദിവസത്തെ സമയം ആവശ്യപ്പെടുകയും അധികാരികൾ അവരുടെ അഭ്യർത്ഥന അംഗീകരിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് നിരവധി പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
"ജി-നോർത്ത് അഡ്മിനിസ്‌ട്രേറ്റീവ് വാർഡിൽ നിന്നുള്ള ബിഎംസി ഉദ്യോഗസ്ഥരുടെ ഒരു സംഘം മെഹബൂബ്-ഇ-സുബ്ഹാനി മസ്ജിദിൻ്റെ അനധികൃത ഭാഗം പൊളിക്കുന്നതിനായി രാവിലെ 9 മണിയോടെ ധാരാവിയിൽ 90 ഫീറ്റ് റോഡിലെത്തി. ഉടൻ തന്നെ ധാരാളം പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടി, മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടഞ്ഞു” എന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പള്ളിയുടെ കൈയേറ്റ ഭാഗം നീക്കം ചെയ്യാൻ അധികാരികൾ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇത് പ്രകാരം നടപടിയെടുക്കുമെന്ന കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ ധാരാവി പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധവുമായി തടിച്ചുകൂടി. സംഘം നോട്ടീസിനെതിരെ പ്രതിഷേധിക്കുകയും പൊളിക്കൽ നടത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടയുകയും ചെയ്തതായി പോലീസ് അധികൃതർ അറിയിച്ചു.
ശേഷം സിവിൽ ഉദ്യോഗസ്ഥരും, ധാരാവി പോലീസുമായും മസ്ജിദിന്റെ പ്രതിനിധികൾ നടത്തിയ സംയുക്ത യോഗത്തിൽ കെട്ടിടത്തിൻ്റെ അനധികൃത ഭാഗം നീക്കം ചെയ്യാനുള്ള കാലാവധിക്ക് ആവശ്യപ്പെടുകയായിരുന്നു. നാലോ അഞ്ചോ ദിവസത്തെ സമയപരിധി നൽകണമെന്ന് മസ്ജിദിൻ്റെ ട്രസ്റ്റികൾ ബിഎംസിയോട് ആവശ്യപ്പെട്ടു.
ഇക്കാലയളവിൽ നിർമാണം സ്വന്തമായി നീക്കം ചെയ്യുമെന്ന് കാണിച്ച് ട്രസ്റ്റിമാർ ബിഎംസി ഡെപ്യൂട്ടി കമ്മീഷണർക്കും ജി നോർത്ത് ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർക്കും രേഖാമൂലം നൽകിയ അപേക്ഷ അംഗീകരിച്ചു.
അതേസമയം ദിവസങ്ങൾക്ക് മുൻപ് ഷിംലയിലെ ധല്ലി പ്രദേശത്ത് മസ്ജിദിലെ അനധികൃത നിർമാണത്തിനെതിരെ നാട്ടുകാരും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 2010-ൽ ഒരു വ്യാപാര സ്ഥാപനമുണ്ടായിരുന്നിടത്ത് മസ്ജിദ് നിർമാണം തുടങ്ങിയെന്നതായിരുന്നു ആരോപണം. പലതവണ നോട്ടീസ് നൽകിയിട്ടും നടപടിയുണ്ടായിരുന്നില്ല. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശിയതിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
പ്രതിഷേധങ്ങൾക്ക് ശേഷം മസ്ജിദിൻ്റെ അനധികൃത ഭാഗം മുദ്രവെക്കുകയോ പൊളിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലിം ക്ഷേമ സമിതിയുടെ പ്രതിനിധികൾ ഷിംലയിലെ മുനിസിപ്പൽ കോർപ്പറേഷനെ സമീപിച്ചിരുന്നു.