- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി കഴിഞ്ഞ അന്ന് മുതൽ ഭയങ്കര 'ചുമ'; അവസാനം തായ്ലാൻഡിലെത്തിയപ്പോൾ ആശ്വാസമായി; പിന്നെ വീണ്ടും തലവേദന; പോസ്റ്റ് പങ്കുവെച്ച് ഫിറ്റ്നസ് കോച്ച്

ഡൽഹി: തലസ്ഥാന നഗരിയിലെ കടുത്ത വായുമലിനീകരണം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടി, ഒരു ഫിറ്റ്നസ് കോച്ചിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് ശ്രദ്ധ നേടുന്നു. മൂന്നു മാസത്തോളം നീണ്ടുനിന്ന ചുമ തായ്ലൻഡിലേക്കുള്ള യാത്രയിൽ പൂർണ്ണമായി അപ്രത്യക്ഷമായെന്നും, എന്നാൽ ദില്ലിയിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും തുടങ്ങിയെന്നും ഫിറ്റ്നസ് കോച്ചായ സുമിത് വസ്വാനി എക്സിൽ കുറിച്ചു. ദില്ലിയിലെ വായുനിലവാരമാണ് തന്റെ ആരോഗ്യത്തെ തകർത്തതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ദീപാവലിക്ക് ശേഷം ആരംഭിച്ച ചുമ സുമിത്തിനെ ഏറെ ബുദ്ധിമുട്ടിച്ചു. നിരവധി ഡോക്ടർമാരെ സമീപിക്കുകയും മരുന്നുകൾ കഴിക്കുകയും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല. എന്നാൽ, തായ്ലൻഡിൽ അവധി ആഘോഷിക്കാൻ പോയ 16 ദിവസവും തനിക്ക് ഒരു തവണ പോലും ചുമ വരാത്തത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ദില്ലിയിൽ മടങ്ങിയെത്തിയതോടെ ചുമ വീണ്ടും ആരംഭിച്ചതോടെയാണ്, വായുമലിനീകരണമാണ് ഇതിന് കാരണമെന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് സുമിത് പറയുന്നു. ഇന്ത്യയിലെ ഈ അവസ്ഥയെ 'യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. "കഠിനാധ്വാനം ചെയ്ത് പണമുണ്ടാക്കുക, എന്നിട്ട് ഇവിടം വിടുക," എന്നും "ഇന്ത്യ 'ഫൈനൽ ബോസ്' ആണ്, ഇവിടെ ഒന്നും മാറാൻ പോകുന്നില്ല," എന്നും സുമിത് തന്റെ പോസ്റ്റിൽ രേഖപ്പെടുത്തി.
സമാനമായ അനുഭവം പങ്കുവെച്ച മറ്റൊരു ഫിറ്റ്നസ് കോച്ചായ അജിങ്ക്യ പട്‌വർധന്റെ പോസ്റ്റിന് മറുപടിയായാണ് സുമിത് തന്റെ അനുഭവം പങ്കുവെച്ചത്. വിയറ്റ്നാമിലെ ഫു ക്വോക്കിൽ എത്തിയപ്പോൾ തന്റെ ജലദോഷവും തുമ്മലും അപ്രത്യക്ഷമായെന്ന് അജിങ്ക്യ കുറിച്ചിരുന്നു. വായുമലിനീകരണം ഒരു തട്ടിപ്പാണെന്ന് പറയുന്നവർ ഇത് കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


