- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാര്‍ക്ക് പ്രവേശനം വിലക്കി; സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട് പ്രതിഷേധിച്ചു ദമ്പതിമാര്‍
ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാര്‍ക്ക് പ്രവേശനം വിലക്കി
ന്യൂഡല്‍ഹി: പരമ്പരാഗത രീതിയിലുള്ള ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാര്‍ക്ക് ഡല്‍ഹിയിലെ റെസ്റ്റോറന്റില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. ഡല്‍ഹിയിലെ പീതംപുരയിലുള്ള റെസ്റ്റോറന്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തെത്തി.
ഡല്‍ഹി പിതംപുര മെട്രോ സ്റ്റേഷനടുത്തുള്ള റസ്റ്ററന്റ് തങ്ങളെ അപമാനിച്ചുവെന്ന് അതിനു മുന്നില്‍ നിന്ന് ലൈവ് വിഡിയോയിട്ട് ദമ്പതികള്‍ ആരോപിച്ചു. വനിത ചുരിദാറും ഷാളുമാണ് ധരിച്ചിരുന്നത്, ടീ ഷര്‍ട്ടും പാന്റുമായിരുന്നു ഭര്‍ത്താവിന്റെ വേഷം. വേഷം അനുയോജ്യമല്ലെന്നും അകത്തു കടക്കാന്‍ അനുവദിക്കില്ലെന്നും റസ്റ്ററന്റ് മാനേജര്‍ ശഠിച്ചുവെന്നാണ് പരാതി. ഇന്ത്യന്‍ സംസ്‌കാരത്തെയും ഒരു ഇന്ത്യന്‍ വനിതയെയും സ്ഥാപനം അപമാനിച്ചുവെന്നും അതേസമയം അല്‍പവസ്ത്രം ധരിച്ചു വന്ന പലരേയും കടത്തിവിട്ടുവെന്നും അവര്‍ പറഞ്ഞു.
ഇക്കണക്കിന് സാരി ധരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രപതിക്കും ഇവര്‍ അനുമതി നല്‍കാനിടയില്ലെന്നും ദമ്പതികള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപി ഭരണ നേതൃത്വം പ്രതിരോധത്തിലായി. ഡല്‍ഹി കാബിനറ്റ് മന്ത്രി കപില്‍ മിശ്ര പ്രതികരണവുമായി രംഗത്തെത്തി. മുഖ്യമന്ത്രി രേഖ ഗുപ്തയെ വിഷയം ധരിപ്പിച്ചു. മുഖ്യമന്ത്രി സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും എക്‌സില്‍ കുറിച്ചു.
റെസ്റ്റോറന്റ് മാനേജര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് ദമ്പതിമാര്‍ പോസ്റ്റില്‍ ആരോപിച്ചു. അവര്‍ ടേബിള്‍ ബുക്ക് ചെയ്തിരുന്നില്ലെന്നും അതിനാലാണ് പ്രവേശനം നിഷേധിച്ചതെന്നും പിന്നീട് ഉടമ നീരജ് അഗര്‍വാള്‍ സംഭവത്തെ ന്യായീകരിച്ചു.
എക്‌സ് പോസ്റ്റില്‍ ദമ്പതിമാര്‍ റെസ്റ്റോറന്റില്‍ എത്തുന്നതും മാനേജരുമായി സംസാരിക്കുന്നതും പ്രവേശനം വിലക്കുന്നതുമായ രംഗങ്ങളുണ്ട്. വിവാദമായതോടെ എല്ലാ തരം ഇന്ത്യന്‍ വസ്ത്രങ്ങളും (സാരി, സ്യൂട്ട് മുതലായവ) റസ്റ്റോറന്റില്‍ അനുവദനീയമാണ് എന്ന് ബോര്‍ഡ് വെച്ചു.