- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; 'കല്‍ക്കി' നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും നോട്ടീസ്
ന്യൂഡല്‍ഹി: ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്നെന്ന പരാതിയില്‍ പ്രഭാസ് ചിത്രം 'കല്‍ക്കി'ക്ക് നോട്ടീസ്. കോണ്‍ഗ്രസ് മുന്‍ നേതാവ് ആചാര്യ പ്രമോദിന്റെ പരാതിയിലാണ് സിനിമ നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. വേദങ്ങളിലും മറ്റും പറയുന്ന കാര്യങ്ങള്‍ക്ക് എതിരാണ് സിനിമയെന്നാണ് പരാതിയിലെ ആക്ഷേപം.
'വികാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭക്തിയുടെയും നാടാണ് ഇന്ത്യ. സനാതന ധര്‍മത്തിന്റെ മൂല്യങ്ങളില്‍ കൈകടത്താന്‍ പാടില്ല. സനാതന ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്താന്‍ പാടില്ല. കല്‍ക്കി നാരായണന് നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രമാണ്. മഹാവിഷ്ണുവിന്റെ അവസാന അവതാരമായി അദ്ദേഹം കണക്കാക്കപ്പെടുന്നു. എന്നാല്‍, സിനിമ വേദങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ക്ക് എതിരാണ്, മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വിശ്വാസവുമായി കളിക്കാമെന്നല്ല' -സുപ്രീം കോടതി അഭിഭാഷകന് ഉജ്വല്‍ ആനന്ദ് ശര്‍മ മുഖേന ആചാര്യ പ്രമോദ് അയച്ച നോട്ടീസില്‍ പറയുന്നു.
നാഗ് അശ്വിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'കല്‍ക്കി 2898 എ.ഡി' തിയറ്ററുകളില്‍ 25 ദിവസം പിന്നിട്ടിരിക്കുകയാണ്. വൈജയന്തി ഫിലിംസ് 600 കോടി മുടക്കിയാണ് ചിത്രം ഒരുക്കിയത്. ഇതിനകം 975 കോടിയിലധികമാണ് ആഗോള ബോക്സ് ഓഫിസില്‍നിന്ന് ചിത്രം വാരിയത്. ഇന്ത്യയില്‍നിന്ന് മാത്രം 600 കോടി സ്വന്തമാക്കി. പ്രഭാസ്, അമിതാബ് ബച്ചന്, കമല്ഹാസന്, ദീപിക പദുക്കോണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.