ന്യൂഡൽഹി: കോവിഷീൽഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. കോവിൻ വെബ്സൈറ്റിൽ ഇപ്പോൾ ഡൗൺലോഡ് ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.

'ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും' എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം (എം.സി.സി) നിലവിലുള്ളതിനാൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് ചിത്രം നീക്കം ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസസമയം കോവിഡ് വാക്‌സിൻ സംബന്ധിച്ച വാർത്തകളുടെ പശ്ചാത്തലത്തിലാണ് ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ പലരും തങ്ങളുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. അപ്പോഴാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തതായി കാണുന്നത്.

വാക്‌സിൻ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട നിരവധി പേർ യു.കെയിൽ കോടതിയെ സമീപിച്ചിരുന്നു. മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വാക്‌സിൻ കാരണമായെന്ന് ചൂണ്ടിക്കാട്ടി യു.കെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്സിൻ, കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമ്മിച്ച് വിതരണം ചെയ്തത്. കോവിഷീൽഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളാണ് അസ്ട്രസെനെക നിർമ്മിച്ചത്.