- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐ നേതാക്കൾ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കുടുംബത്തെ സന്ദർശിച്ച് ഡി രാജ ഉൾപ്പെടെയുള്ള സിപിഐ നേതാക്കൾ. ശനിയാഴ്ച സന്ദർശനം നടത്തിയ ശേഷം രാജ അറസ്റ്റ് ചെയ്ത നടപടിയിലുള്ള വിയോജിപ്പും എക്സിലൂടെ രേഖപ്പെടുത്തി.
സിപിഐ ദേശീയ സെക്രട്ടറിമാരായ ഡോ.ബാൽചന്ദ്ര കാംഗോ, രാമ കൃഷ്ണ പാണ്ഡ, സിപിഐ ഡൽഹി സെക്രട്ടറി ദിനേശ് ചന്ദ്ര വർഷനേയ എന്നിവർ എന്നോടൊപ്പം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലുള്ള കൂട്ടായ വിയോജിപ്പ് രേഖപ്പെടുത്തുന്നതിൽ പങ്കുചേർന്നു.- രാജ എക്സിൽ കുറിച്ചു.
തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഇ.ഡി., സിബിഐ പോലുള്ള ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി രാഷ്ട്രീയത്തിന്റെ ഇരയാണ് അരവിന്ദ് കെജ്രിവാളെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ വിമർശിച്ച് ബിജെപി എംപി മനോജ് തിവാരി. ജയിലിൽ നിന്നുള്ള കെജ്രിവാളിന്റെ സന്ദേശം അവർ ഡൽഹിയിലെ ജനങ്ങൾക്ക് മുമ്പാകെ വായിച്ചതിന് പിന്നാലെയാണ് തിവാരിയുടെ വിമർശനം.
മറ്റു പാർട്ടികളോട് സഖ്യമുണ്ടാക്കില്ലെന്ന് നിങ്ങളുടെ കുട്ടികളോട് സത്യം ചെയ്തിട്ട് ആ വാഗ്ദാനം അദ്ദേഹം പാലിക്കാതിരുന്നപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ബംഗ്ലാവും സർക്കാർ വാഹനങ്ങളും സ്വീകരിക്കില്ലെന്ന് പ്രതിഞ്ജ ചെയ്തിട്ട് ഒരു കൊട്ടാരം നിർമ്മിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? പണത്തിന്റെ കെട്ടുകൾ കൊണ്ടുവരുന്ന അതേ വീട്ടിലേക്കാണ് നിങ്ങളും പ്രവേശിച്ചത്. ഡൽഹിയിലെ ജനങ്ങൾക്കിപ്പോൾ നിങ്ങളോടും കെജ്രിവാളിനോടും യാതൊരു സഹതാപവുമില്ല. - തിവാരി പറഞ്ഞു.