കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ഉയർത്തിക്കാട്ടിയാണ് സിപിഎം ആനന്ദബോസിനെ പിന്തുണയ്ക്കുന്നത്. സന്ദേശ് ഖാലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം. ഈസ്റ്റ് മിഡ്നാപൂർ ജില്ലാ സെക്രട്ടറി നിരഞ്ജൻ സിഹി ആരോപിച്ചു.

ആനന്ദബോസിനെതിരെ ബംഗാൾ രാജ്ഭവനിലെ താത്കാലിക ജീവനക്കാരി നൽകിയ ലൈംഗിക അതിക്രമ പരാതി തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ ആയുധം ആക്കുന്നതിനിടയിലാണ് മറുവാദവുമായി സിപിഎമ്മിന്റെ രംഗപ്രവേശം. പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായുള്ള ബന്ധം ബിജെപിക്ക് പുറമേ സിപിഎമ്മും സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ആയുധമാക്കുകയാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തൃണമൂലിന്റെ നാടകമാണ് പരാതിയെന്ന് സിപിഎം. ആരോപിക്കുന്നു.

കിഴക്കൻ മിഡ്നാപുർ സ്വദേശിനിയാണ് ആനന്ദ് ബോസിനെതിരെ പരാതി നൽകിയിരിക്കുന്നത്. പരാതിക്കാരിയുടെ അമ്മ 2002-ൽ കിഴക്കൻ മിഡ്നാപുർ ജില്ലയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് സന്ദേശ് ഖാലി അടക്കം തൃണമൂൽ കോൺഗ്രസിനെ വേട്ടയാടുന്ന വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള നേതാക്കളുടെ മനഃപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത് - നിരഞ്ജൻ സിഹി ആരോപിച്ചു.

ആനന്ദബോസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് രാജ്ഭവനിലെ താത്കാലിക ജീവനക്കാരി കഴിഞ്ഞ ആഴ്ചയാണ് പൊലീസിൽ പരാതി നൽകിയത്. രാവിലെ ജോലിസംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തുമ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ഒപ്പമുണ്ടായിരുന്ന സൂപ്പർവൈസറെ പറഞ്ഞയച്ച ശേഷമായിരുന്നു സംഭവമെന്നും ജീവനക്കാരി പരാതിയിൽ ആരോപിക്കുന്നു. ഏപ്രിൽ 24-മുതൽ രണ്ടുതവണ ഗവർണർ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവൻ വളപ്പിലുള്ള ഹോസ്റ്റലിൽ താമസക്കാരിയാണിവർ. ആരോപണത്തിന് പിന്നാലെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക് പൊലീസ് പ്രവേശിക്കുന്നത് ഗവർണർ വിലക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ആനന്ദബോസിനെതിരായി ജീവനക്കാരി പരാതി നൽകിയത്. പ്രോട്ടോക്കോൾ പ്രകാരം ഗവർണറുടെ വസതിയാണ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കേണ്ടത്. ആ സമയത്ത് ഇത്തരം ഒരു ആരോപണം ഉയർത്തിക്കൊണ്ടുവന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് ബിജെപി. ആരോപിച്ചത്.