ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തവേ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സൈബറിടത്തിൽ വൈറലായിട്ടുണ്ട്.

കാറിൽ നിന്നറങ്ങി പ്രചാരണ വേദിയിലേക്ക് നടന്നുപോകുന്നതിനിടെയായിരുന്നു നേതാവ് ഡി.കെ ശിവകുമാറിന്റെ തോളിൽ കൈവെച്ചത്. ഇതോടെ, പ്രകോപിതനായ ഡി.കെ ഇയാളെ തല്ലുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി വിനോദ അസൂട്ടിയുടെ പ്രചാരണത്തിനെത്തിയതായിരുന്നു ഡി.കെ ശിവകുമാർ.

നഗരസഭാ അംഗമായ അലാവുദ്ദീൻ മണിയാർക്കാണ് അടിയേറ്റത്. കാറിൽ നിന്നിറങ്ങിയ ഡി.കെ.യുടെ തോളിൽ കൈയിട്ട് ഇയാൾ ചിത്രമെടുക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതോടെ പ്രകോപിതനായ ഡി.കെ അലാവുദ്ദീന്റെ പുറത്ത് അടിക്കുകയും തള്ളി മാറ്റുകയും ചെയ്തു. തുടർന്ന്, സെക്യൂരിറ്റി ഉദ്യോഗസ്ഥർ അദ്ദേഹത്തെ തള്ളിമാറ്റുന്നതും വീഡിയോയിലുണ്ട്.

വീഡിയോ പുറത്തുവന്നതോടെ നിരവധി ബിജെപി പ്രൊഫൈലുകൾ വിഷയം ഏറ്റെടുത്തു. എന്തിനാണ് കോൺഗ്രസ് പ്രവർത്തകർ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതെന്ന് ബിജെപി ഐ.ടി. സെൽ തലവൻ അമിത് മാളവ്യ എക്‌സിൽ കുറിച്ചു. അവരുടെ നേതാക്കൾ അവരെ അപമാനിക്കുന്നു. കുടുംബാംഗങ്ങൾക്ക് വേണ്ടി സീറ്റ് നിഷേധിക്കുന്നു. കോൺഗ്രസ് പ്രവർത്തകർക്ക് ആത്മാഭിമാനമില്ലേയെന്നും അദ്ദേഹം ചോദിച്ചു.