ബംഗലുരു: ഭരിക്കുന്നത് കോൺഗ്രസ് പാർട്ടിയാണെങ്കിലും കർണാടകത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. പാർട്ടി നടത്തിയ നിയമലംഘനത്തിന് പിഴ ഈടാക്കാനുള്ള നിർദേശത്തിന് വകുപ്പു മന്ത്രി കൂടിയായ അദ്ദേഹം പച്ചക്കൊടി കാട്ടി. ക്വീൻസ് റോഡിലെ കെപിസിസി ഓഫീസിൽ അനധികൃത ഫ്ളെക്സ് ബാനർ വെച്ചതിന് കർണാട ഉപമുഖ്യമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴയടിച്ച് ബംഗലുരുവിലെ മഹാനഗര പാലിക.

രണ്ടാഴ്ചയ്ക്കുള്ളിൽ പണമടയ്ക്കാനാണ് നിർദ്ദേശം. നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് എല്ലാ രാഷ്ട്രീയക്കാരോടും നേരത്തേ ബംഗലുരുവിന്റെ വികസനമന്ത്രിയും ഉപ മുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ അഭ്യർത്ഥിച്ചിരുന്നു. ഇത്തരം നിയമലംഘനങ്ങൾക്ക് 50,000 രൂപ പിഴയിട്ടോളാൻ ബ്രുഹത്ത് ബംഗലുരു മഹാനഗര പാലിക (ബിബിഎംപി)യ്ക്ക് ശിവകുമാർ നിർദേശവും നൽകിയിട്ടുണ്ടായിരുന്നു.

അസിസ്റ്റന്റ് റവന്യൂ ഓഫീസറിന്റെ നേതൃത്വത്തിൽ എത്തിയ ബിബിഎംപി ഉദ്യോഗസ്ഥർ അനധികൃത ഫ്ളക്സ് ബാനർ നീക്കം ചെയ്ത ശേഷമാണ് ശിവകുമാറിന് പിഴ അടിച്ചത്. നേരത്തേ അനധികൃത ഫ്ളക്സ് ബാനറുകൾ നീക്കം ചെയ്യുന്നതിന് പൗരന്മാരോടും രാഷ്ട്രീയ പാർട്ടികളോടും ശിവകുമാർ സഹകരണം ആവശ്യപ്പെട്ടിരുന്നു. കെപിസിസിയുടെ പിന്നാക്ക വിഭാഗമാണ് ബാനർ വെച്ചത്.

രാജീവ് ഗാന്ധിയുടേയും കർണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജയുടെയും ജന്മ വാർഷികത്തിലായിരുന്നു ബോർഡ് വെച്ചത്. അതാകട്ടെ ഔദ്യോഗികമായ യാതൊരു അനുമതിയും വാങ്ങാതെയായിരുന്നു താനും. ബോർഡിന്റെ ഉത്തരവാദിത്വം വെച്ച് കർണാടക കോൺഗ്രസ് പ്രദേശ് കമ്മറ്റിയുടെ തലവൻ എന്ന നിലയിലാണ് ഡി ശിവകുമാറിന് ഫൈൻ അടിച്ചുകൊടുത്തത്. ബാങ്ക് അക്കൗണ്ടു വഴി പിഴ അടയ്ക്കാനാകുമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച നോട്ടീസിൽ ബിബിഎംപി പറഞ്ഞിട്ടുണ്ട്.