ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസികൾ രാജ്യസുരക്ഷയും രാജ്യത്തിന് എതിരായ സാമ്പത്തിക കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സിബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ അത്തരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. സിബിഐയുടെ ആദ്യ ഡയറക്ടർ ഡി പി കോഹ്ലിയുടെ 20-ാം അനുസ്മരണ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

തിരച്ചിലുകൾ നടത്താനും വസ്തുവകകൾ പിടിച്ചെടുക്കാനുമുള്ള അന്വേഷണ ഏജൻസികളുടെ അധികാരങ്ങൾ പൗരരുടെ മൗലികാവകാശങ്ങളെ ഹനിക്കരുത്. കുറ്റാരോപിതർ നിയമം ലംഘിച്ചെന്ന ഗുരുതര ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നു. അവരുടെ ജീവിതത്തിനും അന്തസ്സിനും അതുമൂലം ഗുരുതര പരിക്കുകൾ ഉണ്ടാകുന്നു. കേസുകൾ വേഗത്തിൽ തീർപ്പാക്കാത്തതിനെത്തുടർന്ന് വ്യക്തികൾ ദീർഘകാലം തടവ് അനുഭവിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

ഇഡി അവരുടെ അധികാരം ശരിയായ രീതിയിൽ പ്രയോഗിച്ചില്ലെങ്കിൽ പൊതുസമൂഹത്തിൽ അവർക്കെതിരെ വികാരം ശക്തമാകുമെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്വൽഭുയാനും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.