ശിവപുരി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ നാടിനെ നടുക്കി ആൾക്കൂട്ട കൊലപാതകം. വാക്ക് തർക്കത്തെ തുടർന്ന് ദളിത് യുവാവിനെ പട്ടാപകൽ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ​ഗ്രാമ മുഖ്യനും കുടുംബവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. 28കാരനായ നാരദ് ജാഥവാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്.

ഇന്ദ്ര​ഗഡ് ​ഗ്രാമത്തിലാണ് സംഭവം. വയലിൽ വെള്ളം നനയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറൽ ആയിട്ടുണ്ട്. ഗ്രാമ മുഖ്യനായ പദം സിം​ഗ് ധക്കാഡും കുടുംബാം​ഗങ്ങളും ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നിലത്തിട്ടാണ് യുവാവിനെ സംഘം ആക്രമിച്ചത്.

ഗ്വാളിയാർ നിവാസിയായ നാരദ് ജാഥവ്, ഇന്ദർ​ഗഡ് ​ഗ്രാമത്തിലുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം വയലിൽ വെള്ളം നനയ്ക്കുന്നതിനിടെ ധക്കാട്, തന്റെ കുടുംബാം​ഗങ്ങളായ ബേതൽ ധക്കാട്, ജസ്വന്ത് ധക്കാട്, അവധേഷ് ധക്കാട്, അങ്കേഷ് ധക്കാട്, മേഹർ പാൽ ധക്കാട്, ​ദഖാ ഭായ് ധക്കാട, വിമൽ ധക്കാട് എന്നിവർക്കൊപ്പം അവിടെ എത്തി.

ശേഷം ഇവർ ജാഥവിനെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. വടി കൊണ്ട് ഇവർ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഘത്തിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ശിവപുരിയിലെ ‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികൾക്കെതിരെ സുഭാഷ്പുര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.