ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ശുചീകരണ തൊഴിലാളി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ കാശ്ഗഞ്ച് സ്വദേശി അരവിന്ദാണ് മരിച്ചത്. മൂന്ന് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെ ഡല്‍ഹി അശോക് വിഹാറിലാണ് അപകടം.

അശോക് വിഹാറിലുള്ള അപ്പാര്‍ട്ട്‌മെന്റിന് സമീപത്തെ മാലിന്യക്കുഴി രാത്രിയോടെ തൊഴിലാളികള്‍ വൃത്തിയാക്കുകയായിരുന്നു. മാലിന്യക്കുഴി തുറന്നപ്പോള്‍ പുറന്തള്ളിയ വിഷവാതകം ശ്വസിച്ചതോടെ തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അരവിന്ദിനെ ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

കാശ്?ഗഞ്ച് സ്വദേശികളായ സോനു, നാരായണ, എന്നിവരും ബിഹാര്‍ സ്വദേശിയായ നരേഷുമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് പേരുടേയും ആരോഗ്യ നില ഗുരുതരമാണെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.