ഭുവനേശ്വര്‍: ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയിലെ (കെ.ഐ.ഐ.ടി) ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ രാഹുല്‍ യാദവ് ആണ് മരിച്ചത്. ഭുവനേശ്വറിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ചയാണ് സംഭവം നടന്നതെന്നും ഇന്‍ഫോസിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെടുത്തതെന്നും അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ സോണാല്‍ സിങ് പര്‍മാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് അന്വേഷിച്ചുവരികയാണെന്നും മരണകാരണം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

അന്വേഷണ സംഘങ്ങള്‍ ഹോസ്റ്റലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെയും ചോദ്യം ചെയ്യുന്നുണ്ട്. മുറി സീല്‍ ചെയ്തിട്ടുണ്ടെന്നും വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ എത്തിയ ശേഷം ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തുമെന്നും പൊലീസ് അറിയിച്ചു.

ഈ വര്‍ഷം കെ.ഐ.ഐ.ടി കാമ്പസില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ആത്മഹത്യയാണിത്. ഈ വര്‍ഷം ആദ്യം രണ്ട് നേപ്പാളി വിദ്യാര്‍ഥികള്‍ കെ.ഐ.ഐ.ടി.യില്‍ ആത്മഹത്യ ചെയ്തിരുന്നു. കാമ്പസിലെ ആവര്‍ത്തിച്ചുള്ള ആത്മഹത്യകളില്‍ ബി.ജെപി എം.എല്‍.എ സരോജ് പാധി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കെ.ഐ.ഐ.ടി.യിലെ വിദ്യാര്‍ഥികളുടെ മരണത്തിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.